Skip to main content

പദ്ധതി തുക ചിലവില്‍ സംസ്ഥാനത്ത് ഒന്നാമത് നേട്ടത്തിന്റെ നിറവില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്

 നവീനവുംമാതൃകാ പരവുമായ പദ്ധതികളുമായി മുന്നേറുന്ന നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് മറ്റൊരു അഭിമാന നേട്ടം കൂടി. 2022-23 വാര്‍ഷിക പദ്ധതി കാലയളവില്‍ നൂറു ശതമാനം പദ്ധതി തുക ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്തുകളില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്.  സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച നിരവധി പദ്ധതികളാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. ഈ പ്രവര്‍ത്തനങ്ങളാണ് നീലേശ്വരം ബ്ലോക്കിനെ നൂറു ശതമാനം പദ്ധതി വിഹിതം ചിലവഴിച്ച്  സംസ്ഥാനത്ത് ഒന്നാമതെത്തിച്ചത്.

സമൂഹത്തിന്റെ നാനാ തുറകളിലേക്കെത്തുന്ന  നൂതന പദ്ധതികളാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി വരുന്നത്. കാലത്തിനൊത്ത  ആശയങ്ങളായ ആത്മഹത്യാ പ്രതിരോധ ക്ലിനിക്ക്, ഭിന്നശേഷിക്കാര്‍ക്ക് മുചക്ര വാഹനം, ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലും ചെറുവത്തൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും സോളാര്‍ പ്ലാന്റ് സ്ഥാപിക്കല്‍, ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ഷീപാഡ്, മുരിങ്ങയില ടീബാഗ്, തുളസിയില ടീബാഗ് നിര്‍മ്മാണ യൂണിറ്റുകള്‍ പോലുള്ള ഏറെ പ്രശംസ പിടിച്ചു പറ്റിയ പദ്ധതികളും നടപ്പിലാക്കി.

ആരോഗ്യമേഖലയില്‍ സഞ്ചരിക്കുന്ന ആതുരാലയം, ചെറുവത്തൂര്‍ സി.എച്ച്.സിയിലും തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലും രാത്രികാല ഡോക്ടര്‍മാരുടെ സേവനം, ബ്ലോക്കു തല ഫിസിയോ തെറാപ്പി സെന്റര്‍, ചെറുവത്തൂര്‍ സി.എച്ച്.സി, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി വാട്ടര്‍ എ.ടി.എം, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ മൂന്നു ഷിഫ്റ്റുകളിലായി 42 പേര്‍ക്ക് നല്‍കുന്ന ഡയാലിസിസ് സംവിധാനം തുടങ്ങിയവ നടപ്പിലാക്കി. ആരോഗ്യ മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനത്തിന് കഴിഞ്ഞവര്‍ഷം സംസ്ഥാന തലത്തില്‍ ആര്‍ദ്ര കേരളം പുരസ്‌ക്കാരവും ബ്ലോക്ക് പഞ്ചായത്തിനെ തേടിയെത്തി.

അഭ്യസ്തവിദ്യരായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നെറ്റ്-സെറ്റ് പരിശീലനം, യുവജനങ്ങളുടെ ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കല്‍, സ്വയം തൊഴില്‍ പരിശീലനവും തൊഴില്‍ ഉപകരണങ്ങളുടെ വിതരണവും പോലുള്ള പദ്ധതികള്‍ യുവജനക്ഷേമത്തിനും തൊഴില്‍ മേഖലയിലും നടത്തിയ പ്രവര്‍ത്തനങ്ങളാണ്.

ഏറെ  ജനശ്രദ്ധയാകര്‍ഷിച്ച് 11 ദിവസങ്ങളിലായി നാടിനെ ഉത്സവമാക്കി മാറ്റിയ ബ്ലോക്ക്തല കാര്‍ഷിക മേള,  ബ്ലോക്കുതല സംരംഭക മേള, പടുവളത്ത് ആരംഭിക്കുന്ന ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം, വനിതാ വിപണന കേന്ദ്രം, വിവിധ കുടിവെള്ള പദ്ധതികള്‍, കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം, നവീകരിച്ച കുളങ്ങള്‍, ശുചിത്വ സമുച്ചയങ്ങള്‍ എന്നീ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി.

ലൈഫ് ഭവന പദ്ധതിയില്‍ ഒരു കോടി 54 ലക്ഷം രൂപയും കാര്‍ഷിക മേഖലയില്‍ 42 ലക്ഷം രൂപയും ക്ഷീരവികസന മേഖലയില്‍ 35 ലക്ഷം രൂപയും കുടിവെള്ള മേഖലയില്‍ 54 ലക്ഷം രൂപയും ശുചിത്വ മേഖലയില്‍ 53 ലക്ഷം രൂപയും പട്ടികജാതി മേഖലയില്‍ 75 ലക്ഷം രൂപയും ചെലവഴിക്കുവാന്‍ സാധിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ച മുഴുവന്‍ വികസന ഫണ്ടും ധനകാര്യ കമ്മീഷന്‍ ഗ്രാന്റും മെയിന്റനന്‍സ് ഗ്രാന്റും ചെലവഴിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാന തലത്തില്‍ മഹാത്മാ പുരസ്‌കാരവും ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.

date