Skip to main content
ഫോട്ടോ അടിക്കുറിപ്പ്- നവകേരളം- പത്തനംതിട്ട ജില്ല ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ  സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ജില്ലാ തല ശില്‍പശാലയില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സംസാരിക്കുന്നു.

മാലിന്യ സംസ്‌കരണമെന്ന ഉദ്യമത്തിന് ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ അനിവാര്യം: ജില്ലാ കളക്ടര്‍

മാലിന്യ സംസ്‌കരണമെന്ന ഉദ്യമത്തിലേക്ക് നടന്നു നീങ്ങുമ്പോള്‍ അതിന്റെ ഒരു പ്രധാന ഘടകമാണ് ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങളെന്ന്  ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍ പറഞ്ഞു. പത്തനംതിട്ട ജില്ല ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ  സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ജില്ലാ തല ശില്‍പശാലയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു ജില്ലാ കളക്ടര്‍. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് , ശുചിത്വ മിഷന്‍, നവ കേരളം കര്‍മ്മ പദ്ധതി, ഹരിത കേരള മിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ മിഷന്‍ എന്നിവരുമായി സഹകരിച്ചാണ്  നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല എന്ന പദ്ധതി നടപ്പാക്കുന്നത്.
പൊതു ജനങ്ങള്‍ക്ക് ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തന രീതിയെ കുറിച്ചും സമയക്രമീകരണത്തെ കുറിച്ചും അവബോധം സൃഷ്ടിക്കുവാനും  കൃത്യമായ ബോധവത്കരണ പരിപാടികള്‍ സംഘടിക്കുന്നതോടൊപ്പം വിവരങ്ങള്‍ നല്‍കാനായി ഒരു ഏകീകൃത സംവിധാനം ഒരുക്കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍  പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ഹരിത കര്‍മ്മസേനയ്ക്ക്  അത്യാവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിയാല്‍  അവരുടെ കാര്യക്ഷമത വര്‍ധിക്കും. ജില്ലയില്‍ നടത്തുന്ന മുഴുവന്‍ പൊതുപരിപാടികളും ഹരിത പ്രോട്ടോകോള്‍ പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രസിഡന്റ് ചെയര്‍മാന്‍ അധ്യക്ഷനായി ശുചിത്വ കൗണ്‍സില്‍ രൂപീകരിക്കണമെന്നും ശുചിത്വ സര്‍വേയുടെ പൂര്‍ത്തീകരണം ഏപ്രില്‍ മാസത്തിനുള്ളില്‍ നടത്തണമെന്നും അധ്യക്ഷത വഹിച്ചു സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡിപിസി ചെയര്‍മാനുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. വാതില്‍പ്പടി ശേഖരണം ഊര്‍ജസ്വലമാക്കാനും, ഉപയോക്താക്കള്‍ യൂസര്‍ ഫീ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനും ശക്തമായ ബോധവല്‍ക്കരണവും നിയമ നടപടികളും ആവശ്യമാണ്. ഒരു വാര്‍ഡില്‍ കുറഞ്ഞത് രണ്ട് ഹരിതകര്‍മ്മസേനയെങ്കിലും ഉണ്ടെന്ന് ഉറപ്പു വരുത്തണം.ഹരിത കര്‍മ്മസേന പുനസംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍, സേനാംഗങ്ങള്‍ക്കുള്ള യൂണിഫോം, മാലിന്യങ്ങള്‍  ശേഖരിച്ച് വയ്ക്കാന്‍ വേണ്ടി എല്ലാ വാര്‍ഡുകളിലും മിനി  എം.സി.എഫുകള്‍ സ്ഥാപിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, ബസ് സ്റ്റേഷനുകള്‍ തുടങ്ങിയ പൊതു സ്ഥാപനങ്ങളില്‍ പാലിക്കേണ്ട ശുചിത്വ പ്രോട്ടോക്കോള്‍ മാനേജ്മെന്റ് പ്ലാന്‍ തയാറാണ്. മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടിസ്വീകരിക്കുന്നതിന്  ജില്ലയില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

ഇതോടൊപ്പം തന്നെ പത്തനംതിട്ട ജില്ലയെ സമ്പൂര്‍ണ വയോജന സൗഹൃദ ജില്ല ആക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണെന്നും  ജനസംഖ്യയുടെ 25 ശതമാനത്തോളം വരുന്ന വയോജനങ്ങളുടെ പ്രധാന പ്രശ്നങ്ങള്‍ പഠിച്ച്, അവയ്ക്ക് പരിഹാരം കാണാനുള്ള നടപടികള്‍ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ചെയ്യുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പദ്ധതിയെ കുറിച്ച് ക്രോഡീകരിച്ച് സംസാരിച്ചു. ശുചിത്വ മിഷന്‍ സോളിഡ് വേസ്റ്റ് മാനേജ്മന്റ് ഡയറക്ടര്‍ ജ്യോതിഷ് ചന്ദ്രന്‍, എംജിഎന്‍ആര്‍ഇജിഎസ്  ജോയിന്റ് ഡയറക്ടര്‍ പി ബാലചന്ദ്രന്‍ നായര്‍ എന്നിവര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.  ചടങ്ങില്‍ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അര്‍. അജയകുമാര്‍, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ഹരിതകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.എസ്. നൈസാം, നഗരസഭാ ചെയര്‍പേഴ്‌സണ്‍മാര്‍, വിവിധ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മറ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date