Skip to main content

വയോ സൗഹൃദ പദ്ധതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ടയെ വയോജന സൗഹൃദ ജില്ലയായി മാറ്റാനുള്ള പദ്ധതി എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പൂര്‍ണ ശുചീകരണ പദ്ധതിക്കൊപ്പം ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുന്ന പദ്ധതിയാണ് വയോ സൗഹൃദ പദ്ധതി. ഇതിനായി  ശില്‍പശാലയും സംഘടിപ്പിച്ചിരുന്നു.
ആസൂത്രണ സമിതിയില്‍ അംഗീകാരം ലഭിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍  പുതിയ സാമ്പത്തിക വര്‍ഷം പരിഷ്‌ക്കരണത്തിന് വിധേയമാക്കും.
നിലവിലുള്ള സ്പില്‍ ഓവര്‍ പദ്ധതികളെക്കൂടി ഉള്‍പ്പെടുത്തിയാണ്  പരിഷ്‌ക്കരണത്തിന് വിധേയമാക്കുക. അതിനാല്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ സ്പില്‍ ഓവര്‍ തിട്ടപ്പെടുത്തി കൃത്യമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണം. പദ്ധതി ഘടനയില്‍ മാറ്റം വരുത്തി ഏപ്രില്‍ മാസം തന്നെ പരിഷ്‌കാരം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അങ്കണവാടികള്‍ക്ക് പ്രത്യേകം പദ്ധതി ആവശ്യമാണെന്ന് ആസൂത്രണ സമിതി യോഗം വിലയിരുത്തി. ഒരു ബ്ലോക്ക് പഞ്ചായത്തിന്റെയും 12 ഗ്രാമ പഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, കൊടുമണ്‍, ആനിക്കാട്, അരുവാപ്പുലം, മലയാലപ്പുഴ, തണ്ണിത്തോട്, ചെറുകോല്‍, എഴുമറ്റൂര്‍, കവിയൂര്‍, കുറ്റൂര്‍, മല്ലപ്പള്ളി, തുമ്പമണ്‍, നെടുമ്പ്രം ഗ്രാമ പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. ആസൂത്രണ സമിതി അംഗങ്ങള്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date