Skip to main content

എന്റെ കേരളം മേളയിൽ കുടുംബശ്രീയുടെ രുചിമേള

 

വൈവിധ്യമായ രുചികളൊരുക്കുന്ന കുടുംബശ്രീയുടെ ഫുഡ് കോർട്ടുകൾ മിക്ക മേളകളുടെയും മുഖ്യ ആകർഷണമാണ്. കൊച്ചി മറൈൻ ഡ്രൈവിലെ എന്റെ കേരളം പ്രദർശന വിപണന മേളയിലും കൊതിയൂറും രുചി വൈവിധ്യ മൊരുക്കുന്ന കുടുംബശ്രീ ചേച്ചിമാർ സജീവം.

 ചിക്കനും പിടിയും ഒരു പിടി പിടിക്കാം.. പാൽ കപ്പയുടെ രുചി നുണയാം... കടൽ രുചികളുടെ വൈവിധ്യ മറിയാം... ഭക്ഷ്യ ആസ്വാദകരുടെ നീണ്ട നിരയാണ് എന്റെ കേരളം മെഗാ പ്രദർശന വേദിയിലെ കുടുംബശ്രീയുടെ ഭക്ഷ്യമേളയിൽ. ഭക്ഷ്യ സ്റ്റാളുകൾ രുചി വൈവിദ്യങ്ങൾ ആസ്വദിക്കാൻ നിരവധി സന്ദർശകരാണ് ദിനവും എത്തുന്നത്.

കപ്പ ബിരിയാണി, കക്ക ബിരിയാണി, നെയ്ച്ചോറ്, ഇറച്ചി ചോറ്,  ദം ബിരിയാണി, അങ്ങനെ നിരവധി വൈവിധ്യങ്ങൾ കുടുംബശ്രീയുടെ സ്റ്റാളുകളിൽ ഉണ്ട്. ദോശ ആസ്വാദകർക്കായി മസാല ദോശ, നെയ് ദോശ, പ്ലെയിൻ ദോശ, ചിക്കൻ ദോശ,  ബീഫ് ദോശ തുടങ്ങിയവയുമുണ്ട്.  ദാഹം അകറ്റാൻ വിവിധയിനം ജ്യൂസകളും ഒപ്പം ചെറുകടികളും ഉണ്ട് ഇവിടെ.  പേരിൽ കൗതുകം ഒളിപ്പിച്ച പഞ്ചനക്ഷത്ര പായസവും പാൽ കപ്പയും ചിക്കൻ നുറുക്കി പൊരിച്ചതും കുടുംബശ്രീയുടെ ഫുഡ് കോർട്ടുകളിൽ നിന്ന് കഴിക്കാം.

കുടുംബശ്രീയുടെ ആറ് സ്റ്റാളുകളാണ് ഫുഡ് കോർട്ടിൽ ഉള്ളത്.  കൊച്ചി സൗത്ത് സി.ഡി.എസ്,  കൊച്ചി വെസ്റ്റ് സി.ഡി.എസ്,  പാമ്പാക്കുട ബ്ലോക്ക്,  നോർത്ത് പറവൂർ സി.ഡി.എസ്, ചൂർണ്ണിക്കര സി.ഡി.എസ്,  ട്രാൻസ്ജെൻഡർ അയൽക്കൂട്ടം എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബശ്രീ ഭക്ഷ്യ സ്റ്റാളുകൾ പ്രവർത്തിക്കുന്നത്.  പാത്രങ്ങളും പരിസരങ്ങളും വൃത്തിയാക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആറ് വനിതകളുമുണ്ട്.

date