Skip to main content

കരുതലും കൈത്താങ്ങും;   താലൂക്ക്തല അദാലത്തുകൾ മെയ് 29 മുതൽ 

 സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ 'കരുതലും കൈത്താങ്ങും' എന്ന പേരിൽ താലൂക്ക് തലത്തിൽ അദാലത്തുകൾ സംഘടിപ്പിക്കുന്നു. മന്ത്രിമാരായ പി. പ്രസാദും സജി ചെറിയാനും നേരിട്ടാണ് അദാലത്തിൽ പരാതികൾ പരിഗണിക്കുന്നത്. പൊതുജനങ്ങൾക്ക് ഏപ്രിൽ പത്ത് വരെ  www.karuthal.kerala.gov.in  എന്ന പോർട്ടലിലൂടെയും അക്ഷയ കേന്ദ്രങ്ങൾ വഴിയും പരാതിയും അപേക്ഷയും നൽകാം. ഏപ്രിൽ പത്ത് വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ താലൂക്ക് ഓഫീസുകളിൽ നേരിട്ടെത്തിയും പരാതി നൽകാം. മെയ് 29-ന് ചേർത്തലയിലും 30-ന് അമ്പലപ്പുഴയിലും ജൂൺ ഒന്നിന് കുട്ടാനാട്ടിലും രണ്ടിന് കാർത്തികപ്പള്ളിയിലും മൂന്നിന് മാവേലിക്കരയിലും നാലിന് ചെങ്ങന്നൂരിലുമാണ് അദാലത്ത്. 

അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കൈയേറ്റം തുടങ്ങി ഭൂമി സംബന്ധമായ പരാതികൾ പരിഗണിക്കും. സർട്ടിഫിക്കറ്റുകൾ, ലൈസൺസുകൾ എന്നിവ നൽകുന്നതിലെ കാലതാമസം, തണ്ണീർത്തട സംരക്ഷണം, വീട്, വസ്തു, ലൈഫ് പദ്ധതി, വിവാഹം/ പഠനസഹായം മുതലായ ക്ഷേമപദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സമൂഹിക സുരക്ഷ പെൻഷൻ കുടിശിക ലഭിക്കൽ, പെൻഷൻ അനുവദിക്കൽ എന്നിവയും അദാലത്തിൽ പരിഗണിക്കും.

പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്‌കരണം, തെരുവുനായ ശല്യവും സംരക്ഷണവും, തെരുവ് വിളക്കുകൾ, അപകടനിലയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നത്, വഴി തടസപ്പെടുത്തൽ, വയോജന സംരക്ഷണം, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയും അദാലത്തിൽ ഉന്നയിക്കാം. 

പൊതുജലസ്രോതസുകളുടെ സംരക്ഷണം, കുടിവെള്ള വിതരണം, റേഷൻ കാർഡ്, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം, അതിനുള്ള നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പ് സംബന്ധിച്ച അപേക്ഷകൾ/ പരാതികൾ, വളർത്തു മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, കൃഷി നാശത്തിനുള്ള സഹായം, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷ്വറൻസ് തുടങ്ങിയവയാണ് മറ്റു വിഷയങ്ങൾ.

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുടെ വിഷയങ്ങൾ, ആശുപത്രികളിലെ മരുന്നു ക്ഷാമം, ശാരീരിക/മാനസിക/ബുദ്ധി വൈകല്യമുള്ളവരുടെ പുനരധിവാസം/ ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി തുടങ്ങിയ പരാതികളും അപേക്ഷകളും അദാലത്തിൽപരിഗണിക്കും.

date