Skip to main content

ജില്ലയിലെ ബാങ്കുകൾ 13012 കോടി വായ്പ നൽകി

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളിൽ ജില്ലയിലെ ബാങ്കുകൾ 13,012 കോടി രൂപ വായ്പ ഇനത്തിൽ വിതരണം ചെയ്തതായി ലീഡ് ബാങ്ക് ജില്ലാതല അവലോകന യോഗത്തിൽ വിലയിരുത്തി. യോഗം ഓൺലൈനിൽ എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയ്ക്കും ജലസേചന പദ്ധതികൾക്കുമായി ബാങ്കുകൾ കൂടുതൽ തുക വായ്പ ഇനത്തിൽ മാറ്റിവെക്കണമെന്ന് എം.പി പറഞ്ഞു. ബാങ്കുകൾ വിദ്യാഭ്യാസ വായ്പകൾ പരമാവധി അനുവദിക്കണമെന്നും എം.പി. നിർദ്ദേശിച്ചു. 

നിലവിൽ ജില്ലയിലെ ബാങ്കുകളിൽ 45,399 കോടി രൂപയുടെ നിക്ഷേപവും 23,186 കോടി വായ്പയുമാണുള്ളത്. മുൻഗണന മേഖലയിൽ 8,999 കോടി രൂപ വായ്പ ഇനത്തിൽ വിതരണം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ വായ്പക്കായി ലഭിച്ച 2,686 അപേക്ഷകളിലായി 127.42 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരം 943 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ലഭിച്ച 12,446 ഭവനവായ്പ അപേക്ഷകളിൽ 950.30 കോടി രൂപ ജില്ലയിലെ ബാങ്കുകൾ വിതരണം ചെയ്തിട്ടുണ്ട്. സ്വയംസഹായ സംഘങ്ങളിൽ നിന്നും 28.87 കോടി രൂപയുടെ നിക്ഷേപവും 373.74 കോടി രുപ വായ്പയായും വിതരണം ചെയ്തിട്ടുണ്ട്. എപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെ ഗ്രാമപഞ്ചായത്ത് തലത്തിൽ ജനസുരക്ഷ പദ്ധതി നടപ്പിലാക്കും. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റേതാണ് പദ്ധതി.

ഹോട്ടൽ ക്ലാസിക് റീജൻസിയിൽ നടന്ന യോഗത്തിൽ എ.ഡി.എം. എസ്. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് മാനേജർ എം. അരുൺ, ആർ.ബി.ഐ. ലീഡ് ജില്ല ഓഫീസർ ശ്യാം സുന്ദർ, എസ്.ബി.ഐ. റീജിയണൽ മാനേജർ ജൂഡ് ജറാർത്ത്, നബാർഡ് ഡി.ഡി.എം. ടി.കെ. പ്രേംകുമാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർപങ്കെടുത്തു.

date