Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതികളുടെ പ്രദര്‍ശനം ശ്രദ്ധേയമാകും വായ്പയ്ക്ക് അപേക്ഷിക്കുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതികളുടെ പ്രദര്‍ശനം ശ്രദ്ധേയമാകും. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഒരുക്കുന്ന സ്റ്റാളില്‍ കെ.എഫ്.സിയുടെ സേവനങ്ങള്‍, പദ്ധതി വിശദാംശങ്ങള്‍, വീഡിയോ പ്രദര്‍ശനം, പ്രൊജക്ടുമായി വരുന്നവര്‍ക്ക് സംശയനിവാരണം എന്നിവ ഉണ്ടാകും. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം പ്രൊജക്ടുമായി വരുന്ന നവസംരംഭകര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ സ്റ്റാളില്‍ ലഭ്യമാകും. പദ്ധതി ചെലവിന്റെ 90 ശതമാനം വരെയാണ് വായ്പ ലഭിക്കുക. ഇതുപ്രകാരം ചെറുകിട ഇടത്തര വ്യവസായ സംരംഭകര്‍ക്ക് പരമാവധി രണ്ട് കോടി രൂപ വരെ അഞ്ച് ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും. കൂടാതെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5.6 ശതമാനം നിരക്കില്‍ വായ്പ, രണ്ട് ശതമാനം നിരക്കില്‍ നോര്‍ക്കയുടെ പ്രവാസി വായ്പ ലഭിക്കും. കൂടാതെ പദ്ധതി രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടാകും. കെ.വൈ.സി, പ്രൊജക്ടിന്റെ സംക്ഷിപ്ത വിവരണം എന്നിവയാണ് രജിസ്‌ട്രേഷന് വേണ്ടത്. കൊമേഴ്‌സ്യല്‍ സ്റ്റാള്‍ ഉള്‍പ്പെടെ ശീതീകരിച്ച 200-ഓളം സ്റ്റാളുകളാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഒരുക്കുന്നത്. മേളയില്‍ പ്രവേശനം സൗജന്യമാണ്.

date