Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള ശാസ്ത്രീയ രക്ഷകര്‍ത്വത്തില്‍ മാതാപിതാക്കള്‍ക്ക് മാര്‍ഗനിര്‍ദേശവും കൗണ്‍സിലിങ്ങും പാരന്റിങ് ക്ലിനിക്, അസസ്മെന്റ് കോര്‍ണര്‍, ആക്ടിവിറ്റി കോര്‍ണര്‍

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വനിതാ ശിശുവികസന വകുപ്പ് ശാസ്ത്രീയമായ രക്ഷകര്‍തൃത്വത്തില്‍ മാതാപിതാക്കള്‍ക്ക് വിദഗ്ധ മാര്‍ഗനിര്‍ദേശവും കൗണ്‍സിലിങ്ങും നല്‍കും. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി പാരന്റിങ് ക്ലിനിക്, ആക്ടിവിറ്റി കോര്‍ണര്‍, അസസ്മെന്റ് കോര്‍ണര്‍ എന്നിവ മേളയോടനുബന്ധിച്ച് പ്രവര്‍ത്തിക്കും.

പാരന്റിങ് ക്ലിനിക്

മാതാപിതാക്കള്‍ക്ക് രക്ഷകര്‍തൃത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാര്‍ഗനിര്‍ദേശവും കൗണ്‍സിലിങ്ങും പാരന്റിങ് ക്ലിനിക്കിലൂടെ ലഭ്യമാകും. മാതാപിതാക്കള്‍ക്ക് പുറമെ കുട്ടികള്‍ക്കും ക്ലിനിക്കില്‍ നേരിട്ടെത്തി കൗണ്‍സിലിങ് പ്രയോജനപ്പെടുത്താം. ഇവര്‍ക്ക് കൗണ്‍സിലറുടെ സേവനം ആവശ്യമെങ്കില്‍ അതത് ബ്ലോക്ക് പഞ്ചായത്തുകളില്‍ നിയോഗിച്ചിട്ടുള്ള കൗണ്‍സിലര്‍ക്ക് റഫര്‍ ചെയ്യും. രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് വരെ പാരന്റിങ് ക്ലിനിക് പ്രവര്‍ത്തിക്കും.

അസസ്മെന്റ് കോര്‍ണര്‍

അസസ്മെന്റ് കോര്‍ണര്‍ മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാകും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചി തിരിച്ചറിഞ്ഞ് കരിയര്‍ തെരഞ്ഞെടുക്കുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ അസസ്മെന്റ് കോര്‍ണറിലൂടെ സാധിക്കും. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സോഷ്യല്‍ വര്‍ക്കറുടെ സേവനവും ഉണ്ടാകും.

ആക്ടിവിറ്റി കോര്‍ണര്‍

മേള നടക്കുന്ന ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ 14 വരെ ഒരോ ദിവസവും കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, കഥ പറച്ചില്‍, കഥ വായന തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കും. ഇതിനായി അതത് വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ പരിശീലകരും ഉണ്ടായിരിക്കും. വൈകിട്ട് 3.30 മുതല്‍ 5.30 വരെ ആക്ടിവിറ്റി കോര്‍ണര്‍ പ്രവര്‍ത്തിക്കും. ഏപ്രില്‍ ഒന്‍പതിന് പുസ്തക വായന, പത്തിന് കഥ പറച്ചില്‍, 11 ന് യുറേക്ക-എക്‌സ്‌പെരിമെന്റിങ് സയന്‍സ് (ദൈനംദിന ജീവിതത്തിലുള്ള ശാസ്ത്ര കൗതുകങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക), 12 ന് ഹോബികള്‍ പരിചയപ്പെടുത്തല്‍, 13 ന് കരകൗശല പരിശീലനം, 14 ന് ചെസിലെയും ക്യാരംസിലെയും നിയമങ്ങള്‍ പരിചയപ്പെടുത്തല്‍ എന്നിവ നടക്കും. കൊമേഴ്‌സ്യല്‍ സ്റ്റാള്‍ ഉള്‍പ്പെടെ ശീതീകരിച്ച 200-ഓളം സ്റ്റാളുകളാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഒരുക്കുന്നത്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
 

date