Skip to main content

ഭൂമി തരം മാറ്റലിനായി ഏജന്റുമാരെ സമീപിക്കരുതെന്ന് ജില്ലാ കളക്ടർ

ഭൂമി തരം മാറ്റലിനായി സമീപിക്കുന്ന ഏജന്‍റുമാരുടെ വ്യാജ വാഗ്ദാനങ്ങളിൽ കുടുങ്ങരുതെന്ന് ജില്ലാ കളക്ടർ എ൯.എസ്.കെ. ഉമേഷ് മുന്നറിയിപ്പ് നൽകി. ഭൂമി തരം മാറ്റം സംബന്ധിച്ച അപേക്ഷകള്‍ ഇപ്പോള്‍ റവന്യൂ വകുപ്പിന്റെ  revenue.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന മാത്രമാണ് സ്വീകരിക്കുന്നത്. അപേക്ഷകര്‍ക്ക് എവിടെ നിന്നും സ്വന്തമായോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയോ അപേക്ഷ നല്‍കാവുന്നതും അപ്രകാരം നല്‍കിയ അപേക്ഷയിലെ നടപടി വിവരങ്ങള്‍ നിരീക്ഷിക്കാവുന്നതുമാണ്. നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ (ഭേദഗതി) നിയമം പ്രകാരമുള്ള ഭൂമി തരം മാറ്റല്‍ അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കാമെന്ന വാഗ്ദാനങ്ങളുമായി ബാനറുകളും പോസ്റ്ററുകളും ജില്ലയിൽ വ്യാപകമായ സാഹചര്യത്തിലാണ് കളക്ടറുടെ മുന്നറിയിപ്പ്. 

കൃഷി ഭവനുകളില്‍ വിജ്ഞാപനം ചെയ്തിട്ടുള്ള ഡാറ്റ ബാങ്കില്‍ ഉള്‍പ്പെടാത്തതും വില്ലേജ് രേഖകള്‍ പ്രകാരം നിലമെന്ന് രേഖപ്പെടുത്തിയതുമായ 30.12.2017 തീയതി പ്രകാരം 25 സെന്‍റിൽ മാത്രം വിസ്തീർണമുള്ള വസ്തു ഉടമകൾ തരംമാറ്റത്തിന് ഫീസ് നൽകേണ്ടതില്ല. ഫാറം 5 ന് അപേക്ഷ ഫീസ്‌ 100/- രൂപയും ഫാറം 6, 7 എന്നിവയുടെ അപേക്ഷ ഫീസ് 1000/- രൂപയും ആണ്. 30.12.2017 തീയതിയ്ക്ക് ശേഷം തീറു വാങ്ങിയതായ 25 സെന്‍റിൽ  താഴെ വിസ്തീര്‍ണ്ണം വരുന്ന ഭൂമിയ്ക്കും 30.12.2017 തീയതി പ്രകാരം 25 സെന്‍റിൽ അധികം വിസ്തീ‍ർണമുള്ള ഭൂമിയ്ക്കും ന്യായവിലയുടെ 10% ഫീസ്‌ അടക്കണം.

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമെയുള്ള ആരുടെയും  സഹായമോ നടപടികളോ കൂടാതെയാണ് ഭൂമി തരം മാറ്റ അപേക്ഷകളില്‍ നടപടികള്‍ സ്വീകരിക്കുന്നത് എന്നിരിക്കെ നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ പരസ്യങ്ങളില്‍ മയങ്ങി സാമ്പത്തിക, മാനസിക, സമയ നഷ്ടത്തിന് ഇടയാക്കരുതെന്ന് കളക്ടർ പറഞ്ഞു. സംസ്ഥാനത്ത് ഭൂമിയുടെ തരം മാറ്റുന്നത് സംബന്ധിച്ച് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുന്നത് എറണാകുളം ജില്ലയില്‍ ആണ് .  അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കുന്നതിന് അധിക ജീവനക്കാരെ നിയോഗിച്ച്  ത്വരിത ഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് റവന്യൂ ഡിവിഷണല്‍ ഓഫീസുകൾ, കൃഷി ഓഫീസുകള്‍, താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിൽ നടന്ന് വരുന്നത്. 

ദൈനം ദിന ജോലികള്‍ക്ക് പുറമേ തരം മാറ്റ അപേക്ഷകളിലും അടിയന്തര തീര്‍പ്പ്‌ ഉണ്ടാക്കുവാന്‍ ജീവനക്കാർ കഠിനപരിശ്രമം നടത്തുന്നു. മുന്‍ വര്‍ഷങ്ങളിലെ കുടിശ്ശിക ഫയലുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും തന്നെ തീര്‍പ്പാക്കുന്നതില്‍ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. 2022 മുതലുള്ള ഓണ്‍ ലൈന്‍ ആയി ലഭിച്ച അപേക്ഷകളും എത്രയും വേഗം തീര്‍പ്പാക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് നേരിട്ട് അപേക്ഷ നല്‍കുന്നതിനും  സ്ഥിതി വിവരങ്ങള്‍ പരിശോധിക്കുന്നതിനും ഓണ്‍ ലൈന്‍ ആയി തന്നെ കഴിയും. ഭൂമി തരം മാറ്റം അപേക്ഷകളില്‍ നടപടികള്‍ക്കായി ഏജന്റുമാരെ സമീപിക്കുകയോ നിയമാനുസൃതമല്ലാതെ ഫീസ്‌ നല്‍കുകയോ ചെയ്യേണ്ടതില്ല - കളക്ടർ വ്യക്തമാക്കി.

date