Skip to main content
ഓസ്ട്രേലിയയിലെ പെർത്തിൽ നടക്കുന്ന വേൾഡ് ട്രാൻസ്പ്ലാൻ്റ് ഒളിമ്പിക്സിൽ പങ്കെടുക്കുവാൻ പോകുന്ന ഡിനോയ് തോമസിന് മുഖ്യമന്ത്രി പിണറായി വിജയൻ ജേഴ്സി സമ്മാനിച്ച് ആശംസകൾ നേരുന്നു.

ഡിനോയ് തോമസിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി  വിജയൻ

ലോക ട്രാൻസ്പ്ലാന്റ് ഒളിമ്പിക്സിൽ അഞ്ച് കിലോമീറ്റർ മാരത്തണിൽ പങ്കെടുക്കാൻ പോകുന്ന ഡിനോയ് തോമസിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിമാരായ പി രാജീവും എം.ബി. രാജേഷും.

എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ജേഴ്സി കൈമാറിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡിനോയിക്ക് യാത്രയയപ്പ് നൽകിയത്. 

അവയവ ദാനത്തെക്കുറിച്ചുള്ള ആശങ്കയ്ക്കുള്ള ഉത്തരമാണ് ഡിനോയ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിന് ഗുണകരമായ സന്ദേശം നൽകുന്ന ഒന്നാണ് ഡിനോയ് യുടെ ഒളിംപിക്സ് പങ്കാളിത്തം. ഡിനോയ്ക്ക് കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

ഏപ്രിൽ 11 മുതൽ 21 വരെ ഓസ്ട്രേലിയയിലെ പെർത്തിലാണ് ലോക ട്രാൻസ്പ്ലാന്റ് ഒളിമ്പിക്സ് ന്നത്. അവയവം മാറ്റിവച്ചവർക്കും ദാതാക്കൾക്കുമായിട്ടാണ് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകാരത്തോടെ ട്രാൻസ് പ്ലാന്റ് ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്. 

കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരാൾ ഇതിൽ പങ്കെടുക്കുന്നത്. ലിസി ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. ജോ ജോസഫും മെഡിക്കൽ സംഘത്തിന്റെ ഭാഗമായി ഇന്ത്യൻ ടീമിനൊപ്പം പെർത്തിലേക്ക് പോകുന്നുണ്ട്.

കഴിഞ്ഞ ഡിസംബറിൽ കൊച്ചിയിൽ നടന്ന സ്പൈസ് കോസ്റ്റ് മാരത്തണിനോടനുബന്ധിച്ച് സംഘടിപ്പിച്ച അഞ്ച് കിലോമീറ്റർ ഓട്ടം വിജയകരമായി പൂർത്തീകരിച്ച ഡിനോയ് തോമസിനെ അഭിനന്ദിച്ച് സച്ചിൻ ടെൻഡുൽക്കർ ട്വീറ്റ് ചെയ്തിരുന്നു.

2011 സെപ്റ്റംബർ 20 ന് ആണ് കളമശ്ശേരി കൈപ്പടമുഗൾ സ്വദേശി ഡിനോയ് തോമസിന് (39) എറണാകുളം ലിസി ആശുപ്രതിയിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ഹൃദയം മാറ്റി വച്ചത്. തൃശൂർ അയ്യന്തോൾ സ്വദേശി ലിബുവിന്റെ ഹൃദയമാണ് മാറ്റി വെച്ചത്. ഡൈലേറ്റഡ് കാർഡിയോ മയോപതി എന്ന അസുഖം മൂലം നടക്കുവാൻ പോലും കഴിയാത്ത അവസ്ഥയിൽ നിന്നും ഇപ്പോൾ സ്വന്തമായി അധ്വാനിച്ച് കുടുംബം പുലർത്തുവാൻ ഡിനോയിക്ക് സാധിക്കുന്നു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം 2015 സെപ്റ്റംബറിൽ കളമശേരി ടൊയോട്ടയിൽ ഡ്രൈവർ ആയി ജോലിക്ക് കയറിയ ഡിനോയ് കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ഇന്നോവ, ഫോർച്യൂണർ എന്നിവ അടക്കമുള്ള വലിയ വാഹനങ്ങൾ തനിയെ ഓടിക്കും. ജോലിക്ക് ശേഷം രാത്രിയിൽ ഓട്ടോറിക്ഷയും ഓടിക്കുന്നുണ്ട്.

അവയവദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ചെയർമാനായുള്ള ഹാർട്ട് കെയർ ഫൗണ്ടേഷനാണ് യാത്രയ്ക്ക് മുൻകൈ എടുക്കുന്നത്. ഡിനോയ് ജോലി ചെയ്യുന്ന നിപ്പോൺ ടൊയോട്ടാ 
യാത്രാ ചെലവുകൾ വഹിക്കും.

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ മനസ് പതറിപ്പോയ ഡിനോയിക്ക് ധൈര്യം പകർന്നത് സിനിമാതാരവും എം. പി. യുമായിരുന്ന ഇന്നസന്റ് ആയിരുന്നു.  

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞു ആദ്യനാളുകളിൽ ഓട്ടോ ഓടിക്കുവാൻ കഴിയാതെ വീട്ടിലിരുന്നപ്പോൾ ഡേറ്റ എൻട്രി നടത്തി വരുമാനം ഉണ്ടാക്കുന്നതിനായി അന്ന് എം.പി യായിരുന്ന പി. രാജീവ് ഡിനോയിക്ക് ലാപ്ടോപ്പ് സമ്മാനിച്ചിരുന്നു.

ഹൃദയം മാറ്റിവെയ്ക്കൽ പോലുള്ള ശസ്ത്രക്രിയകൾക്ക് ശേഷം രോഗികൾക്ക് സാധാരണ ജീവിതം
നയിക്കുവാൻ കഴിയില്ല എന്ന് ചിലർ നടത്തുന്ന കുപ്രചരണങ്ങൾക്കുള്ള മറുപടി കൂടിയാണ് ഡിനോയ് നൽകുന്നതെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഡിനോയിയുടെ ഭാര്യ ഷീന ഡിനോയ്, മക്കളായ അലീന ഡിനോയ്, അഡോൺ ഡിനോയ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ, ഡോ. റോണി മാത്യു കടവിൽ, രാജു കണ്ണമ്പുഴ, ജോർജ് നോവൽറ്റി, വി.ആർ. രാജേഷ്, ജെറി ജേക്കബ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.

date