Skip to main content

തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേരളം മാതൃക: മന്ത്രി എം.ബി രാജേഷ്

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പഞ്ചായത്ത് തലത്തിലുള്ള സമ്പൂര്‍ണ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും ഓഡിറ്റ് നടത്തുമ്പോള്‍ കേരളത്തില്‍ മാത്രമാണ് പഞ്ചായത്ത് തലത്തില്‍ ഓഡിറ്റ് നടത്തി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10.33 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇത്തവണ 8.5 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. ഇങ്ങനെ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മാതൃകയാകാന്‍ കേരളത്തിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. 

ഇന്ത്യയില്‍ നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. നഗരസഭകളിലും കോര്‍പറേഷനുകളിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നു. മാത്രമല്ല, തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗ്രാമീണമായ റോഡുകള്‍, കളിസ്ഥലങ്ങള്‍,  മാലിന്യ സംസ്‌കരണം, കൃഷി, ഭക്ഷ്യോല്‍പാദനം തുടങ്ങിയ മേഖലകളില്‍ മുദ്ര പതിപ്പിക്കാനും സാധിച്ചു. ഇത്തരത്തില്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ കൈവരിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ എല്ലാ ജില്ലകളിലും ഓംബുഡ്‌സ്മാനുള്ള ഏക സംസ്ഥാനവും കേരളമാണെന്ന്് മന്ത്രി പറഞ്ഞു. 

ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടുന്ന സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്കുള്ള ക്യാമ്പയിനും തുടക്കമായിരിക്കുകയാണ്. ആദ്യത്തെ സമ്പൂര്‍ണ സാക്ഷര സംസ്ഥാനം എന്ന നേട്ടം കൈവരിച്ച കേരളം വീണ്ടും ചരിത്രത്തില്‍ ഇടം നേടാന്‍ പോവുകയാണ്. കുടുംബശ്രീ സര്‍വേ നടത്തിയാണ് പഠിതാക്കളെ കണ്ടെത്തുക. അവരെ പഠിപ്പിക്കാന്‍ ആവശ്യമായ സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തി പ്രത്യേക മൊഡ്യൂളുകള്‍ തയ്യാറാക്കി മൂല്യ നിര്‍ണയം ഉള്‍പ്പെടെ നടത്തിയാണ് ഡിജിറ്റല്‍ സാക്ഷരത കൈവരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

തൊഴിലുറപ്പ് പദ്ധതി സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് പ്രഖ്യാപനത്തിലും  സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തന ഉദ്ഘാടനത്തിലും അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു  മന്ത്രി.

date