Skip to main content

തൊടുപുഴയില്‍ നവീകരണം പൂര്‍ത്തിയായ ആറ് റോഡുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

രണ്ടാം വാര്‍ഷികം പൂര്‍ത്തിയാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നൂറ്ദിന കര്‍മ്മപരിപാടിയോടനുബന്ധിച്ച് തൊടുപുഴ മണ്ഡലത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തൊടുപുഴ മൂപ്പില്‍ കടവ് ജംഗ്ഷനില്‍ നടന്ന പ്രാദേശിക ഉദ്ഘാടന ചടങ്ങില്‍ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ശിലാഫലകം അനാച്ഛാദനം ചെയ്തു. വെല്ലുവിളികള്‍ തരണം ചെയ്ത് റോഡിന്റെ പുനര്‍നിര്‍മ്മാണം സാധ്യമാക്കിയ പൊതുമരാമത്ത് വകുപ്പിനെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും നഗരസഭ ചെയര്‍മാന്‍ അഭിനന്ദിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ പി ജി രാജശേഖരന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ശബരിമല മണ്ഡല മകരവിളക്ക് ഉത്സവ പദ്ധതി 2021-22 ല്‍ ഉള്‍പ്പെടുത്തി തൊടുപുഴ ടൗണിനെ മുട്ടം, കരിങ്കുന്നം, പുറപ്പുഴ, ഉടുമ്പന്നൂര്‍ എന്നീ ടൗണുകളുമായി ബന്ധിപ്പിക്കുന്ന ആറ് പ്രധാന റോഡുകളാണ് 5.5 കോടി മുതല്‍ മുടക്കില്‍ നവീകരിച്ചിരിക്കുന്നത്.
കാഞ്ഞിരമറ്റം-മാങ്ങാട്ടുകവല ബൈപ്പാസ്, അമ്പലം ബൈപാസ്, കൊതായികുന്ന് ബൈപാസ്, പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ പുളിക്കല്‍ പാലം മുതല്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് വരെയുള്ള ഭാഗം , മൂപ്പില്‍ക്കടവ് പാലത്തിലേക്കുള്ള അപ്പ്രോച്ച് റോഡ്, തൊടുപുഴ-ഉടുമ്പന്നൂര്‍ റോഡില്‍ പുളിമൂട് ഇലക്ട്രിക്കല്‍സ് ജംഗ്ഷന്‍ മുതല്‍ മാങ്ങാട്ട്കവല വരെയുള്ള റോഡുകളാണ് നവീകരണത്തില്‍ ഉള്‍പെട്ടിട്ടുള്ളത്.
തൊടുപുഴ നഗരസഭ കൗണ്‍സിലര്‍മാരായ മുഹമ്മദ് അഫ്‌സല്‍, ജോസ് മഠത്തില്‍, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ കാര്‍ത്തിക് കൃഷ്ണന്‍, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യു എം ശൈലേന്ദ്രന്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ വി ആര്‍ പ്രമോദ്, വിനയന്‍, ജയകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date