Skip to main content
കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ ചേർന്ന സഹകരണസംഘം നിയമ ഭേദഗതി സെലക്ട് കമ്മിറ്റി യോഗത്തിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ സംസാരിക്കുന്നു.

സഹകരണമേഖലയിൽ കുറ്റമറ്റ സമഗ്ര നിയമം കൊണ്ടുവരാനാണ് ശ്രമം: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: സഹകരണ മേഖലയിൽ ഒറ്റപ്പെട്ട രൂപത്തിലുള്ള ക്രമക്കേടുകളെ സമയോചിതമായും സന്ദർഭോചിതമായും തടയാൻ സമഗ്രവും കാലോചിതവുമായ നിയമ പരിഷ്‌കരണം അനിവാര്യമെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. കുറ്റമറ്റ നിയമം കൊണ്ടുവരാനാണ് സഹകരണ ഭേദഗതി ബിൽ സെലക്ട് കമ്മിറ്റിക്കു വിട്ടതെന്നും മന്ത്രി പറഞ്ഞു. കേരള നിയമസഭയുടെ 2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബിൽ സംബന്ധിച്ചു കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ ചേർന്ന സെലക്ട് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു സെലക്ട് കമ്മിറ്റി അധ്യക്ഷൻ കൂടിയായ അദ്ദേഹം.
 14 ജില്ലകളിലെയും സിറ്റിങ്ങിനുശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നിയമജ്ഞരും സഹകാരികളും പങ്കെടുക്കുന്ന ശിൽപശാല തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ജനാധിപത്യപരമായ ഉള്ളടക്കത്തോടു കൂടിയ ചർച്ചകളിലൂടെയും അഭിപ്രായങ്ങളിലൂടെയും പൊതുനിഗമനങ്ങളിൽ എത്തിയശേഷമായിരിക്കും ബിൽ സഭയിൽ അവതരിപ്പിക്കുക എന്നും മന്ത്രി പറഞ്ഞു.
സെലക്ട് കമ്മിറ്റി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. മോൻസ് ജോസഫ്, കോവൂർ കുഞ്ഞുമോൻ, കെ.കെ. രമ, തോമസ് കെ. തോമസ്, സഹകരണ-സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ വകുപ്പ് രജിസ്ട്രാറും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുമായ ടി.വി. സുഭാഷ് എന്നിവർ സമിതി യോഗത്തിൽ പങ്കെടുത്തു. കോട്ടയം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ സഹകരണ സർക്കിൾ യൂണിയൻ പ്രസിഡന്റുമാർ, സഹകാരികൾ, ബാങ്കുകളുടെ പ്രതിനിധികൾ, ജീവനക്കാരുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു

date