Skip to main content

ലോകോത്തര നിലവാരത്തിലുള്ള സയൻസ് പാർക്ക് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ആരംഭിക്കും:മന്ത്രി പി.രാജീവ്

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ലോകോത്തര നിലവാരത്തിലുള്ള സയൻസ് പാർക്ക് എത്രയും പെട്ടന്ന് യാഥാർഥ്യമാകുമെന്ന് വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സയൻസ് പാർക്കുമായി ബന്ധപ്പെട്ട പ്രാഥമിക ആലോചനകളുടെ ഭാഗമായി എഫ് എ സി ടി (ഫാക്ട്) സന്ദർശിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് 1000 കോടി രൂപ ചെലവിൽ അഞ്ചു സയൻസ് പാർക്കുകൾ ആരംഭിക്കാൻ ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ തീരുമാനിച്ചിട്ടുണ്ട്. അഞ്ചു പാർക്കുകൾക്കായി 1000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഓരോ പാർക്കിനും 200 കോടി രൂപ വീതം ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലാണ് ആദ്യത്തെ മൂന്ന് പാർക്കുകൾ. തിരുവനന്തപുരത്ത് ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ കീഴിലാണ് ആദ്യത്തെ സയൻസ് പാർക്ക് യാഥാർഥ്യമാകുക. 1000 കോടി രൂപയുടെ ഡിപിആർ ആണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. സർക്കാറിൻ്റെ ഫണ്ടിന് പുറമെ മറ്റു സ്രോതസ്സുകളിൽ നിന്നും തുക സ്വരൂപിക്കും. സയൻസ് ആൻഡ് ടെക്നോളജി കൗൺസിലാണ് സയൻസ് പാർക്കുകളുടെ നിർമാണത്തിലെ പ്രധാന ഏജൻസി.

കൊച്ചി യൂണിവേഴ്സിറ്റിയോട് ചേർന്ന് 15 ഏക്കർ ലഭ്യമല്ലാത്തതിനാലാണ് ഫാക്ടിൻ്റെ സ്ഥലത്ത് പാർക്ക് നിർമിക്കാൻ തീരുമാനിച്ചത്. ഇതിനായി സയൻസ് ആൻഡ് ടെക്നോളജി കൗൺസിൽ സർക്കാരിന് വേണ്ടി ഫാക്ട് ബോർഡിന് അപേക്ഷ നൽകിയിട്ടുണ്ട്. നിലവിലുള്ള മാർക്കറ്റ് വിലയിൽ തന്നെ സ്ഥലം വാങ്ങുവാനാണ് സർക്കാർ തീരുമാനം. ഒരുകാലത്ത് തകർച്ചയിൽ നിന്നിരുന്ന സ്ഥാപനം ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച കമ്പനിയാണ്. അതുകൊണ്ട് തന്നെ സയൻസ് പാർക്ക് യാഥാർഥ്യമാകുന്നത് രണ്ടു കൂട്ടർക്കും ഗുണം നൽകുന്ന കാര്യമാണ്. ഫാക്ട് ബോർഡിൻ്റെ  തീരുമാനം അനുസരിച്ച് എത്രയും പെട്ടെന്ന് പാർക്കിൻ്റെ പ്രവർത്തനങ്ങളുമായി മുൻപോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

date