Skip to main content
ഫോട്ടോ: പോലീസ് സ്റ്റാളില്‍ കുട്ടികള്‍ക്ക് വിവിധതരം തോക്കുകളെ കുറിച്ച് വിശദീകരിച്ചു കൊടുക്കുന്ന ഉദ്യോഗസ്ഥന്‍.

പോലീസ് സ്റ്റാളില്‍ എ.കെ 47 തോക്ക് മുതല്‍ ഫോറന്‍സിക് ഫിംഗര്‍ പ്രിന്റിങ് വരെ

 

നിലവില്‍ ഉപയോഗിക്കുന്നതും മുന്‍പ് ഉപയോഗിച്ചിരുന്നതുമായ തോക്കുകളും തിരകളും പ്രദര്‍ശനത്തിനെത്തിച്ച് പോലീസ് സ്റ്റാള്‍ ജനശ്രദ്ധ നേടുന്നു. എ.കെ 47 തോക്ക്, പുതിയ ടാര്‍ (TAR) മുതല്‍ ഫോറന്‍സിക് ഫിംഗര്‍ പ്രിന്റിങ് വരെ സ്റ്റാളിലുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന വിവിധ തരം തോക്കുകളുടെ ശേഖരമാണ് പോലീസ് സജ്ജമാക്കിയിരിക്കുന്നത്. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് പോലീസ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. കണ്ണീര്‍വാതകമായി ഉപയോഗിക്കുന്ന ടിയര്‍ സ്‌മോക്ക് ഷെല്‍ ഗ്രനൈഡ്, കാട്ടാനയെ വെടിവച്ച് തുരത്തുന്ന റബ്ബര്‍ ബുള്ളറ്റ്, വനിതകള്‍ക്ക് സ്വയംരക്ഷയ്ക്കുള്ള സ്പാഡ്/ പെപ്പര്‍ സ്‌പ്രേ, ബോംബ് കണ്ടുപിടിക്കുന്നതിനുള്ള ഉപകരണങ്ങള്‍, ബുളറ്റ് പ്രൂഫ് ജാക്കറ്റ്, ലോറി, ബസ് തുടങ്ങിയ വലിയ വാഹനങ്ങള്‍ള്‍ക്കടിയിലെ ബോംബ് കണ്ടുപിടിക്കുന്നതിനുള്ള അണ്ടര്‍ വെഹിക്കിള്‍ സെര്‍ച്ച് മിറര്‍, വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് തുടങ്ങിയവയും വേര്‍തിരിച്ച് സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ പരിചയപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. പോലീസിന്റെ തോക്കുകള്‍ പരിചയപ്പെടുത്തുന്ന ആര്‍മര്‍ ആന്‍ഡ് അമ്യൂണിക്കേഷന്‍ വിഭാഗം, ബോംബ് സ്‌ക്വാഡ്, പോലീസ് സന്ദേശങ്ങള്‍ കൈമാറുന്ന കമ്മ്യൂണിക്കേഷന്‍ വിഭാഗം, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ്, ഫോറന്‍സിക് വിരലടയാള വിദഗ്ധര്‍, ബോംബ് സ്‌ക്വാഡ്, സോഷ്യല്‍ പോലീസിങ്, സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് മുതല്‍ ഡി.ജി.പി വരെയുള്ള മേധാവികളുടെ തൊപ്പികള്‍, ബെല്‍റ്റ്, വിസില്‍ കോഡ് തുടങ്ങിയവ പരിചയപ്പെടുത്തുന്ന സ്റ്റുഡന്റ് പോലീസിങ് വിഭാഗം, സ്വയം സുരക്ഷാ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തി വിമന്‍ സെല്‍ ആന്‍ഡ് സൈബര്‍ പോലീസിങ് എന്നിങ്ങനെ എട്ടോളം വിഭാഗങ്ങളിലായി വ്യത്യസ്തമായ കാഴ്ചകളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഓരോ സ്റ്റാളുകളിലും രണ്ട് വീതം സ്റ്റുഡന്റ് കേഡറ്റുകളുടെ സേവനവും സജ്ജമാക്കിയിട്ടുണ്ട്.

ആര്‍മര്‍ ആന്‍ഡ് അമ്യൂണിക്കേഷന്‍ വിങ്

കെ.ജി.എഫ് പോലുള്ള സിനിമകളില്‍ സുപരിചിതമായ പഴയതും പുതിയതുമായ തോക്കുകള്‍ കുട്ടികളെയും മുതിര്‍ന്നവരെയും പരിചയപ്പെടുത്തിയാണ് പോലീസ് സ്റ്റാള്‍ ആരംഭിക്കുന്നത്. പോലീസ് നിലവില്‍ ഉപയോഗിക്കുന്നതും മുന്‍പ് ഉപയോഗിച്ചതുമായ റൈഫിളുകള്‍, എ.കെ 47 തോക്കിന്റെ ഇന്ത്യന്‍ മോഡലുകള്‍, മള്‍ട്ടി ഷെല്‍ ലോഞ്ചര്‍, ഫെഡറല്‍ റയോട്ട് ഗ്യാസ് ഗണ്‍, സബ് മെഷീന്‍ ഗണ്‍, പിസ്റ്റല്‍ റിവോള്‍വര്‍, ഗ്ലോക്ക് 19 പിസ്റ്റല്‍ തുടങ്ങി തോക്കുകളും തിരകളും സ്റ്റാളിലുണ്ട്.

വിരലടയാള വിദഗ്ധര്‍
 
വിരലടയാളം വഴി കുറ്റവാളികളെ കണ്ടെത്തുന്ന വിരലടയാള വിദഗ്ധരും പോലീസ് സ്റ്റാളിലെ മറ്റൊരു ആകര്‍ഷണമാണ്. വിരലടയാള പരിശോധനയ്ക്ക് ഉപയോഗിക്കുന്ന വിവിധ തരം പൗഡറുകള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കുറ്റവാളികളെ കണ്ടു പിടിക്കുന്ന ബയോമെട്രിക് രീതികള്‍ എന്നിവയും മേളയില്‍ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. മുടി, രോമം തുടങ്ങിയവ പരിശോധിക്കുന്നതിന് മൈക്രോസ്‌കോപിക് എക്‌സാമിനേഷന്‍, ഡിസ്‌ക് ഇമേജര്‍, കൈക്കൂലി ഉള്‍പ്പടെ കണ്ടെത്തുന്നതിനുള്ള ഡിറ്റക്ഷന്‍ ട്രാപ് കേസുകള്‍, ബ്ലഡ് ഡിറ്റക്ഷന്‍ സാമഗ്രികളും പ്രദര്‍ശനത്തിലുണ്ട്.

രാത്രി തനിച്ച് പെട്ടാല്‍ എന്ത് ചെയ്യണം..
വനിതാ സെല്ലിന്റെ പ്രതിരോധ ക്ലാസ് തികച്ചും ഉപകാരപ്രദം

സ്ത്രീകള്‍ രാത്രി തനിച്ച് പെട്ടാല്‍ എന്ത് ചെയ്യണം, ആക്രമണങ്ങള്‍ നേരിട്ടാല്‍ എന്ത് ചെയ്യണം തുടങ്ങി വനിതാ സെല്ലിന്റെ പ്രതിരോധ ക്ലാസ് ഉപകാരപ്രദമാകുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ സ്വയം പ്രതിരോധിക്കുന്നതിന് പ്രാപ്തരാക്കുക ലക്ഷ്യമാക്കിയാണ് പോലീസ് വനിതാ സെല്‍ ഉദ്യോഗസ്ഥര്‍ സ്റ്റാളില്‍ തത്സമയം ക്ലാസ് ഒരുക്കിയിട്ടുള്ളത്. അതിക്രമങ്ങള്‍ എങ്ങനെ നേരിടാം, മനുഷ്യശരീരത്തിലെ ദുര്‍ബല ഭാഗങ്ങള്‍ ഏതെല്ലാം, ഇതിനെ ഏതെല്ലാം ശരീര ഭാഗങ്ങള്‍ കൊണ്ട് പ്രതിരോധിക്കാം തുടങ്ങി സ്വയം പ്രതിരോധം സംബന്ധിച്ച എല്ലാ വിവരങ്ങളും വനിതാ ഉദ്യോഗസ്ഥര്‍ വിശദീകരിച്ച് നല്‍കുന്നുണ്ട്.
എമര്‍ജന്‍സി റസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം ഇ.ആര്‍.എസ്.എസ്- 112, ക്രൈം സ്റ്റോപ്പര്‍-1090, പിങ്ക് പെട്രോള്‍- 1515, നിര്‍ഭയ- 18004251400, ഹൈവേ പോലീസ്-9846100100, അപരാജിത-9497999955, റെയില്‍വേ പോലീസ്-9846100200, പ്രശാന്തി-9497900035, 9497900045, ചിരി- 9497900200 എന്നീ നമ്പറുകളില്‍ അത്യാഹിതം, അപകടങ്ങള്‍ തുടങ്ങിയവയുണ്ടായാല്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.
 

date