Skip to main content

3 പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു

ജില്ലയില്‍ 3 പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എടക്കര, അമരമ്പലം, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്ക്  വീതമാണ് ഇന്നലെ (മാര്‍ച്ച് 9) കോളറ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി. നേരത്തെ വഴിക്കടവ് ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള 8 പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചിരുന്നത്. കോളറയാണെന്ന് സംശയിക്കുന്ന 41 കേസുകളും ജില്ലയില്‍ ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 12 പേര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. മറ്റുള്ളവര്‍ നീരീക്ഷണത്തിലും കഴിയുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഓണ്‍ലൈന്‍ യോഗം ഇന്ന് ഉച്ചയ്ക്ക് 12.30 ന് പെരിന്തല്‍മണ്ണ സബ്കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേരും.  വഴിക്കടവിലെ കാരക്കോടന്‍ പുഴയില്‍ നിന്നും ജലനിധി വഴി പമ്പ് ചെയ്യുന്ന വെള്ളമാണ് രോഗവ്യാപനത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പുഴയിലെ വെള്ളം  ശുദ്ധീകരിച്ചു. ഇടവിട്ട് വെള്ളം ക്ലോറിനേറ്റ് ചെയ്യാന്‍  ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദ്ദേശം നല്‍കി. പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത് കണ്ടെത്താന്‍ ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ വഴിക്കടവ് ടൗണില്‍ ഇന്നലെ പരിശോധന നടത്തി. അഴുക്കുചാലുകളുടെ സ്ലാബ് നീക്കം ചെയ്ത് നടത്തിയ പരിശോധനയില്‍ പുഴയിലേക്ക് മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥാപന ഉടമകള്‍ക്ക് ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടുണ്ട്.

 

date