Skip to main content

കൃഷി ഉപേക്ഷിച്ചിട്ടും വിള ഇൻഷുറൻസിന് പണം ഈടാക്കി; പിഴയടക്കം പരാതിക്കാരന് തിരിച്ചു നൽകാന്‍ ഉപഭോക്തൃകമ്മീഷൻ ഉത്തരവ്

കൃഷി ഉപേക്ഷിച്ചിട്ടും വിള ഇൻഷുറൻസിന് പണം ഈടാക്കിയ ബാങ്കിനോട് പിഴയടക്കം 149160 രൂപ പരാതിക്കാരന് തിരിച്ചു നൽകണമെന്ന് ഉപഭോക്തൃകമ്മീഷൻ ഉത്തരവിട്ടു. കുഴിപ്പുറം സ്വദേശി മുഹമ്മദലിയാണ് പരാതിക്കാരന്‍. കാർഷിക ആവശ്യത്തിനായി പരാതിക്കാരന്‍ 15 ലക്ഷം രൂപ കോട്ടയ്ക്കലിലെ സ്വകാര്യ ബാങ്കിൽ നിന്നും വായ എടുത്തിരുന്നു. കൃഷി നഷ്ടമായിട്ടും പരാതിക്കാരൻ വായ്പ തിരിച്ചടച്ചു. ഒപ്പം കൃഷി ഉപേക്ഷിച്ചതായും ബാങ്കിനെ അറിയിച്ചു. എന്നാൽ ബാങ്ക് അക്കൗണ്ട് അവസാനിപ്പിച്ചിരുന്നില്ല. പിന്നീട് ബാങ്ക് അക്കൗണ്ടിൽ നിന്നും 97,518 രൂപ പിൻവലിച്ചതായി കണ്ടു. ബാങ്കിൽ പരാതിപ്പെട്ടപ്പോൾ വിള ഇൻഷുറസിലേക്കാണ് തുക പിന്‍വലിച്ചത് എന്നാണ് അറിയിച്ചത്. കൃഷി അവസാനിപ്പിക്കുകയും ലോൺ തിരിച്ചടച്ചതാണെന്ന് അറിയിച്ചെങ്കിലും പണം തിരിച്ചു നൽകിയില്ല. കോട്ടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പണം തിരിച്ചു നൽകി. തുടർന്ന് 12,2971 രൂപ അടക്കണമെന്നും ഇല്ലെങ്കിൽ റവന്യൂ റിക്കവറി നടപടി സ്വീകരിക്കുമെന്നും അറിയിച്ചുള്ള നോട്ടീസാണ് പരാതിക്കാരന് കിട്ടിയത്. മാത്രമല്ല അക്കൗണ്ടിൽ നിന്നും 89,160  രൂപ പിടിച്ചെടുക്കുകയും ചെയ്തു. പരാതിയുമായി ബാങ്കിനെ സമീപിച്ചെങ്കിലും പണമോ ലോൺ സമയത്ത് ബാങ്കിൽ നൽകിയ ആധാരമോ തിരിച്ചു നൽകാൻ തയ്യാറായില്ല. തുടർന്നാണ് പരാതിക്കാരൻ ജില്ലാ ഉപഭോക്ത്യ കമ്മീഷനെ സമീപിച്ചത്. പരാതിക്കാരന്റെ ആധാരം കമ്മീഷൻ മുമ്പാകെ ഹാജരാക്കുകയും പരാതിക്കാരന് കൈമാറുകയും ചെയ്തു. തെളിവുകൾ പരിശോധിച്ച കമ്മീഷൻ ബാങ്കിന്റെ നടപടി അനുചിതവ്യാപാരമാണെന്നും സേവനത്തിൽ വീഴ്ചയുണ്ടെന്നും കണ്ടെത്തി. അനധികൃതമായി ഈടാക്കിയ 89,160 രൂപയും പിഴയായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരന് നല്കണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. വിധിസംഖ്യ ഒരു മാസത്തിനകം നൽകാത്തപക്ഷം വിധി തിയ്യതി മുതൽ 9% പലിശയും നല്കണമെന്നും വിധിയിൽ പറഞ്ഞു.

date