Skip to main content

ഉത്പാദന മേഖലയ്ക്ക് ഊന്നൽ നൽകി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

ഉത്പാദന മേഖലയ്ക്ക് ഊന്നൽ നൽകി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. 41,55,95,812 രൂപ വരവും 41,48,04,600 രൂപ ചെലവും 7,91,212 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി അവതരിപ്പിച്ചത്. ലിംഗ നീതി ഉറപ്പാക്കിയുള്ള ജെൻഡർ ബജറ്റാണ് ഇത്തവണയും ബ്ലോക്ക് പഞ്ചായത്തിന്റേത്. ക്ഷീര മേഖല, ശിശു സൗഹൃദ പ്രവർത്തനങ്ങൾ, ദാരിദ്ര്യ ലഘൂകരണം, പശ്ചാത്തല മേഖല, ആരോഗ്യ മേഖല എന്നിവയെല്ലാം ബജറ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഉത്പാദന മേഖലാ വികസനത്തിനായി 8,07,70,800 രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഇതിൽ നെൽകൃഷി വികസനത്തിന് 15,50,000 രൂപ, ക്ഷീര വികസനത്തിന് 15,00,000 രൂപ, മൃഗസംരക്ഷണത്തിനും അനുബന്ധ സൗകര്യ വികസനത്തിനുമായി 13,00,000 രൂപയും വകയിരുത്തി. 'അരുണിമ' പദ്ധതി ഉൾപ്പെടെയുള്ള വനിതാ ക്ഷേമ പരിപാടികൾക്കായി 13,82,000 രൂപ, ബാല സൗഹൃദ ഭിന്നശേഷി സൗഹൃദ പദ്ധതികൾക്കായി 89,11,520 ലക്ഷം രൂപ, വയോജന ക്ഷേമ പദ്ധതികൾക്കായി 30,00,000 രൂപ, പ്രത്യേക ശിശുക്ഷേമ പദ്ധതികൾക്ക് 4,50,000 രൂപ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ വികസനത്തിനായി 1,31,07,600 രൂപ, പൊതു ശുചിത്വം-മാലിന്യ പരിപാലനം എന്നിവയ്ക്കായി 34,96,500 രൂപ, ഭവന നിർമ്മാണ പദ്ധതികൾക്കായി 4,30,84,700 രൂപയും വകയിരുത്തി. പശ്ചാത്തല മേഖലാ വികസത്തിന് എട്ട് കോടി രൂപയും, അടിസ്ഥാന ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദാരിദ്ര ലഘൂകരണ പരിപാടികൾക്കുമായി 15,05,00,000 രൂപയും ബ്ലോക്ക് പരിധിയിലെ ടൂറിസം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി ഒരു കോടിയും ഫണ്ട് വകയിരുത്തി. പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിസിരിയാ സൈഫുദ്ധീൻ, ബീന ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈർ, ബി.ഡി.ഒ ജെ. അമൽദാസ് എന്നിവർ സംസാരിച്ചു

date