Skip to main content

ഭിന്നശേഷി-ബാല-വയോജന സൗഹൃദ കാഴ്ചപ്പാടിന് ഉന്നൽ നൽകി പൊന്നാനി നഗരസഭാ ബജറ്റ്

 

 അരികുവത്കരിക്കപ്പെടുന്നവരെയും പ്രത്യേക പരിഗണന അർഹിക്കുന്നവരെയും ചേർത്തുപിടിക്കുന്ന പദ്ധതി നിർദേശങ്ങളുമായി പൊന്നാനി നഗരസഭയുടെ വാർഷിക ബജറ്റ്. ഭിന്നശേഷി-ബാല-വയോജന സൗഹൃദ കാഴ്ചപ്പാടിന് ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റ് ഉപാധ്യക്ഷ ബിന്ദു സിദ്ധാർത്ഥൻ അവതരിപ്പിച്ചു. 98.29 കോടി രൂപ വരവും 87.95 കോടി രൂപ ചെലവും 10 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. നഗരസഭാ ഓഫീസിൽ ഭിന്നശേഷി സൗഹൃദ കേന്ദ്രം എന്ന നിലയിൽ കോളിംഗ് പോയിന്റ്, 'പൂമ്പാറ്റ' എന്ന പേരിൽ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിൽ
ആർട്‌സ് ആന്റ് ക്രാഫ്റ്റ് കോർണർ, ഭിന്നശേഷിക്കാർക്ക് വീടുകളിൽ ശുചിമുറി, 80 ശതമാനം വൈകല്യമുള്ളവർക്ക്
മോട്ടോർ ട്രൈസൈക്കിൾ, ഭിന്നശേഷിക്കാരുടെ രക്ഷാകർത്താക്കൾക്ക് സൈഡ് കാരിയർ സ്‌കൂട്ടർ എന്നിവയാണ് ഭിന്നശേഷി ക്ഷേമത്തിനായി പ്രഖ്യാപിച്ചവയിൽ പ്രധാന പദ്ധതികൾ. നിളയോരപാതയിൽ ബാലസൗഹൃദ വിനോദ വിജ്ഞാന കേന്ദ്രം ആരംഭിക്കും. ആരോഗ്യപ്രദമായ ശീലങ്ങൾക്ക് വാഴ, മുരിങ്ങ, പപ്പായ എന്നിവയുടെ തൈകൾ വിതരണം ചെയ്യും. ഓരോ വീട്ടിലും ഒരു ഇളനീർ തെങ്ങ്, ടിഷ്യുകൾച്ചർ വാഴ എന്നിവയുടെ തൈകൾ വിതരണം നടത്തുമെന്നും പ്രഖ്യാപനമുണ്ട്. റീബിൾഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി നഗരസഭയിൽ വെതർ സ്റ്റേഷൻ, ഭാരതപ്പുഴയിൽ
തുരുത്ത് ടൂറിസം, നഗര പ്രവേശന കേന്ദ്രങ്ങളിൽ ടൂറിസം മാപ്പിംഗ് ബോർഡുകൾ സ്ഥാപിക്കൽ, 'അപ്പങ്ങളെമ്പാടും' പലഹാര കൂട്ടായ്മ സംരംഭം എന്നിവയാണ് മറ്റ് നിർദേശങ്ങളാണ്. മന്ത് രോഗികൾക്ക് സമഗ്ര സമാശ്വാസ പദ്ധതിയായ അബോളിഷിംഗ് ഫൈലേറിയ, ക്യാൻസർ-വൃക്കരോഗങ്ങൾ എന്നിവ കണ്ടെത്തുന്നതിന് 'ആരോഗ്യഭേരി' മെഡിക്കൽ ക്യാമ്പ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനായി 3.6 കോടി, ചിൽഡ്രൻസ് വാർഡ്, ഹൈഡെഫിഷൻസി യൂണിറ്റ് പീഡിയാട്രിക്്‌സ്, മദർ നിയോ നാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ് എന്നിവക്കായി ആരോഗ്യ മേഖലയിൽ തുക അനുവദിച്ചിട്ടുണ്ട്.
മൂന്ന് അങ്കണവാടികൾക്ക് പുതിയ ഹൈടെക് കെട്ടിടങ്ങൾ, ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്
1.5 കോടി, കുംഭാര കോളനി നവീകരണത്തിനായി 50 ലക്ഷം എന്നിവ മറ്റ് പ്രധാന നിർദേശങ്ങളാണ്. നഗരത്തിൽ കുടുംബശ്രീ കഫേ, കയർ സഹകരണ സംഘങ്ങൾക്ക് റിവൈവിംഗ് പാക്കേജ്, വയോജന സ്ഥാപന പരിപാലന സംരംഭം ക്ലീൻ ആൻഡ് കെയർ, കുടുംബശ്രീ ഭക്ഷ്യ മേള, തൊഴിൽമേള, 'പാനൂസ' പെരുന്നാളാഘോഷം, കലാ പരിശീലന കേന്ദ്രമായ പൊന്നാനി ആർട്‌സ് കഫെ, റോഡുകൾക്ക് പേര് നൽകി ബോർഡുകൾ സ്ഥാപിക്കൽ. സ്‌കൂളുകളിലെ മാലിന്യ സംസ്‌കരണ ബോധവത്കരണ പരിപാടി കളക്ടേഴ്‌സ് @ സ്‌കൂൾ, ബയോഗ്യാസ് പ്ലാന്റുകൾ, തീരദേശ സമഗ്ര കുടിവെള്ള പദ്ധതി (അമൃത് പദ്ധതി 24 കോടി) എന്നിവയും പ്രഖ്യാപനത്തിലുണ്ട്. പട്ടികജാതി സമഗ്ര വികസനത്തിന് നഗരസഭയുടെ 'മാനുഷം' പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വനിതകൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ, ഡാൻസ് കിറ്റ്, സ്‌പോർട്‌സ് കിറ്റ് വിതരണം എന്നീ പുതിയ പദ്ധതികൾ നടപ്പാക്കും. കൂടാതെ ഭവന പുനരുദ്ധാരണം, വിദേശത്ത് ജോലി തേടുന്നതിന് ധനസഹായം, മെറിറ്റോറിയസ് സ്‌കോളർഷിപ്പ്, വിവാഹ ധനസഹായം, സ്‌കൂൾ വിദ്യാർഥികൾക് ഫർണീച്ചർ, ലാപ് ടോപ്പ്, പഠന മുറി എന്നീ പദ്ധതികൾ തുടരും. സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ എൽ.പി സ്‌കൂളിൽ ടർഫ് പണിയുന്നതിന് ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. വെള്ളീരി ഗവ. എൽ.പി സ്‌കൂളിൽ മൾട്ടി ഗെയിമിങ് ചിൽഡ്രൻസ് ടർഫ് തുടങ്ങാൻ 10 ലക്ഷം രൂപ നീക്കിവയ്ക്കും. തൃക്കാവ് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ മൾട്ടിമീഡിയ കമ്പ്യൂട്ടർ ലാബ്, 21.5 ലക്ഷം രൂപ ചെലവിൽ സ്‌കിൽ ഡവലെപ്പ്‌മെന്റ് സെന്റർ, പാരന്റിംഗ് അവബോധ പദ്ധതിയായ 'കെയർ', രണ്ട് മുതൽ ഏഴാം ക്ലാസുവരെയുള്ള വിദ്യാർഥികൾക്ക് റീപ്പ് (റാപ്പിഡ് ഇംഗ്ലീഷ് ഭാഗിസിഷൻ പ്രോഗ്രാം), ചലചിത്ര പഠനത്തിന് സകൂൾ ഫിലിം സൊസൈറ്റികൾ, ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥിനികളുടെ മാനസികാരോഗ്യ സംരക്ഷണ പദ്ധതിയായ ഹെൽത്തി ടീൻ, എൽ.പി സ്‌കൂളുകളിലെ വിദ്യാർഥികളുടെ സമഗ്ര ദന്ത സംരക്ഷണ പദ്ധതി 'സ്‌മൈൽ', വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ഭരണഘടനാ വിദ്യഭ്യാസം എന്നീ പദ്ധതികൾ നടപ്പാക്കും. പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷരായ അജീന ജബ്ബാർ, രജീഷ് ഊപ്പാല, ഷീനാസുദേശൻ, ഒ.ഒ ഷംസു, ടി.മുഹമ്മദ് ബഷീർ, നഗരസഭാ സെക്രട്ടറി എസ്. സജിറൂൻ തുടങ്ങിയവർ സംബന്ധിച്ചു

date