Skip to main content

സ്ത്രീ വിദ്യാഭ്യാസ രംഗത്ത് വിപ്ലവത്തിന് അരങ്ങുണരുന്നു: 'യോഗ്യ' സാക്ഷരതാ പദ്ധിതിയുമായി കുടുംബശ്രീ

സ്ത്രീ വിദ്യാഭ്യാസ രംഗത്ത് ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പുതിയ വിപ്ലവത്തിന് അരങ്ങുണരുന്നു. 'യോഗ്യ' സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ആദ്യവർഷം നാലായിരം പേർക്ക് എസ്.എസ്.എൽ.സിയും രണ്ടായിരം പേർക്ക് പ്ലസ്ടു പരീക്ഷയെഴുതാനുമുള്ള പരിശീനവും നൽകും.
ജില്ലയിലെ അമ്പത് വയസിന് താഴെ പ്രായമുള്ള എല്ലാ സ്ത്രീകളെയും പത്താം ക്ലാസ് യോഗ്യതയുള്ളവരാക്കുന്ന പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജനകീയമായാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സാക്ഷരതാ മിഷന്റെ കൂടി സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമാകും. ജില്ലയിൽ കുടുംബശ്രീ നടത്തിയ കണക്കെടുപ്പനുസരിച്ച് 15,000 സ്ത്രീകളാണ് പദ്ധതിക്ക് കീഴിൽ പത്താം ക്ലാസ് യോഗ്യത നേടാനുള്ളത്. ജില്ലയിലെ പഞ്ചായത്തുകൾ തോറുമുള്ള സി.ഡി.എസുകൾ വഴിയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്. സി.ഡി.എസ് തലങ്ങളിൽ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. രജിസ്റ്റർ ചെയ്യുന്നവർക്കായി സാക്ഷരതാ മിഷന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് പരിശീലനം നൽകുന്നത്. ക്ലബുകൾ, ഓക്സിലറി ഗ്രൂപ്പുകൾ, വായനശാലകൾ എന്നിവ മുഖേനയും പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും. രജിസ്റ്റർ ചെയ്യുന്നവർ ക്ലാസുകളിൽ കൃത്യമായി പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. സാക്ഷരതാ മിഷന്റെ പരീക്ഷാ ഫീസ് കുടുംബശ്രീ ഫണ്ടിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നും നൽകും. ഇതിന് പുറമെ സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ സ്പോൺസർഷിപ്പിലൂടെയും രജിസ്ട്രേഷന് സൗകര്യമൊരുക്കിയിട്ടുണ്ട്. രജിസ്ട്രേഷന്റെ അവസാന തീയതി നേരത്തെ മാർച്ച് 31 നാണ് നിശ്ചയിച്ചിരുന്നത്. ഇത് മെയ് മാസം വരെ നീട്ടിയിട്ടുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ കൂടുതലുള്ള ജില്ലയിലെ തീരദേശ മേഖല, പട്ടിക ജാതി പട്ടിക വർഗ കോളനികൾ എന്നിവിടങ്ങളിൽ പദ്ധതി കൂടുതൽ ഊന്നൽ നൽകുന്നതായി ജില്ലാ കുടുംബശ്രീ മിഷൻ കോർഡിനേറ്റർ ജാഫർ കെ.കക്കൂത്ത് വ്യക്തമാക്കി. ജില്ലാ പ്രോഗ്രാം മാനേജർ പി.റൂബി രാജിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

date