Skip to main content

സീറോ വേസ്റ്റ് അറ്റ് കൊച്ചി എക്സിബിഷൻ: സമാപനം വ്യാഴാഴ്ച (ഏപ്രിൽ 13)

 

കൊച്ചി നഗരസഭയിൽ മാലിന്യ സംസ്കരണ സംവിധാനം കൊണ്ടുവരുന്നതിലേക്കായി സർക്കാരും ശുചിത്വ മിഷനും കൊച്ചി നഗരസഭയുംസംയുക്തമായി സംഘടിപ്പിക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളുടെ ഭാഗമായി പനമ്പിള്ളി നഗറിൽ നടത്തിവന്ന 'സീറോ വേസ്റ്റ് അറ്റ് കൊച്ചി എക്സിബിഷൻ' വ്യാഴാഴ്ച (ഏപ്രിൽ 13) വൈകുന്നേരം എട്ടു മണിയോടെ സമാപിക്കും. 

ഉറവിട മാലിന്യ സംസ്കരണത്തിന് വേണ്ട ഉപകരണങ്ങളുടെ പ്രദർശനം കാണാൻ പത്തു വാർഡുകളിൽ നിന്നും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നിരവധി നഗരവാസികളാണ് എത്തിച്ചേർന്നത്. സാങ്കേതിക സഹായത്തിനായി ശുചിത്വ മിഷന്റെ അംഗീകാരം നേടിയ പന്ത്രണ്ട് ഏജൻസികൾ എക്സിബിഷനിൽ അവരുടെ മെഷീനുകൾ പ്രദർശിപ്പിക്കുകയും സന്ദർശകരുടെ സംശയങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുകയും ചെയ്തു. 'വേസ്റ്റ് മാനേജ്മെന്റ്' എന്ന വിഷയത്തിൽ രണ്ട് ദിവസം ഇതിനോടനുബന്ധിച്ച് സെമിനാറുകൾ നടന്നു. കുസാറ്റിലെ ഡോ. പി. ഷൈജു, ഡോ. സി.എൻ മനോജ്, സക്കറിയ, ശുചിത്വ മിഷൻ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ആർ.എസ് അമീർഷ എന്നിവർ സെമിനാറുകളിൽ പങ്കെടുത്തു.  

ഓൾ ഇന്ത്യ റേഡിയോ എഫ്.എം കൊച്ചി, റെസിഡൻസ് അസോസിയേഷൻ എന്നിവർ ചേർന്ന് എല്ലാ ദിവസവും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പനമ്പിള്ളി  നഗറിന്റെ പരിസര പ്രദേശങ്ങൾ അടക്കമുള്ള റെസിഡൻസ് അസോസിയേഷനുകളിൽ നിന്നുള്ള നിവാസികളുടെ പങ്കാളിത്തം കൊണ്ട് എക്സിബിഷൻ ശ്രദ്ധേയമായി. പനമ്പിള്ളി നഗറിലെ കുട്ടികൾ രൂപകൽപ്പന ചെയ്ത zero waste@kochi എന്ന സ്റ്റിക്കർ വീടുകളിൽ പതിക്കുന്നതിനായി പ്രകാശനം ചെയ്തു. 

വ്യാഴാഴ്ച വൈകുന്നേരം ആറിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഉമാ തോമസ് എം.എൽ.എ, കൊച്ചി കോർപറേഷൻ മേയർ അഡ്വ: എം. അനിൽകുമാർ, കൊച്ചി നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റനീഷ്, കൗൺസിലർമാരായ അഞ്ജന ടീച്ചർ, ആന്റണി പയിനിതുറ, ബിന്ദു ശിവൻ, സുജ ലോനപ്പൻ, ബൻസി ബെന്നി, ലതിക ടീച്ചർ, പനമ്പള്ളി റെസിഡൻസ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് ജോർജ് കോര, ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ  പി.എച്ച് ഷൈൻ, പി.എൻ.ആർ അസോസിയേഷൻ സെക്രട്ടറി മീന ബഞ്ചമിൻ എന്നിവർ പങ്കെടുക്കും. വിവിധ കലാപരിപാടികളോടെ രാത്രി ഒമ്പതിന് പ്രദർശന മേള അവസാനിക്കും.

date