Skip to main content

സരസ്മേള സംഘാടക സമിതി രൂപീകരണയോഗം ചേര്‍ന്നു

ജില്ലയിലെ കുടുംബശ്രീ സരസ്മേള വന്‍വിജയമാക്കണം: മന്ത്രി കെ എന്‍ ബാലഗോപാല്‍

ജില്ലയില്‍ നടക്കാന്‍ പോകുന്ന കുടുംബശ്രീ സരസ്മേള വന്‍വിജയമാക്കുന്നതിന് എല്ലാവരും മുന്നോട്ട് വരണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഏപ്രില്‍ 27 മുതല്‍ മെയ് ഏഴ് വരെ ആശ്രാമം മൈതാനിയില്‍ നടത്തുന്ന സരസ് മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ നമ്മുടെ ജില്ലയില്‍ ആസ്വദിക്കാന്‍ സാധിക്കുന്ന അവസരത്തെ ജനങ്ങള്‍ ഏറ്റെടുക്കണം. രുചിവൈവിധ്യങ്ങളും വസ്ത്രവൈവിധ്യങ്ങളും അറിയുവാനും ആസ്വദിക്കാനുമുള്ള അവസരമാണ് ജില്ലയ്ക്ക് വന്നുചേര്‍ന്നിട്ടുള്ളത്.

സ്ത്രീശാക്തീകരണത്തോടൊപ്പം ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ കുടുംബശ്രീ നല്‍കുന്ന പങ്ക് വലുതാണ്. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 280 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ പുത്തന്‍ തലമുറകളെ അനുഗുണമായി മാറ്റുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള ഓക്സിലറി ഗ്രൂപ്പുകള്‍ മാതൃകാപരമാണ്. സരസ് മേളയ്ക്ക് എത്തുന്നവരെ കൊല്ലത്തിന്റെ വിനോദ സഞ്ചാര മേഖലകളെക്കൂടി പരിചയപ്പെടുത്തുന്നതിനായി ടൂറിസം വകുപ്പുമായി ചേര്‍ന്ന് പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രി കെ ചിഞ്ചു റാണി മേളയുടെ ലോഗോ പ്രകാശനം ചെയ്തു. പ്രവര്‍ത്തനം ആരംഭിച്ച് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴേക്കും കുടുംബശ്രീ സ്ത്രീശാക്തീകരണ രംഗത്ത് പുത്തന്‍ പ്രതീക്ഷയായി മാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. മേളയുടെ ഭാഗ്യചിഹ്നമായ നീലു എന്ന പെണ്‍കടുവയുടെ പ്രകാശനം എം നൗഷാദ് എം എല്‍ എ നിര്‍വഹിച്ചു. സരസ് പ്രൊമോ വീഡിയോയുടെ ഉദ്ഘാടനം സുജിത് വിജയന്‍പിള്ള എം എല്‍ എ നിര്‍വഹിച്ചു. മേളയുടെ പ്രോഗ്രാം വീഡിയോ പ്രകശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. കുടുംബശ്രീ മിഷന്‍ ഏക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ ഹര്‍ഷകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി ഡോ സി ഉണ്ണികൃഷ്ണന്‍, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ഹണി, സി ഡി എസ് ചെയര്‍പേഴ്സണ്‍മാരായ സി സുജാത, സിന്ധു വിജയന്‍. ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ സ്വാഗതവും കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ റ്റി വിമല്‍ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

date