Skip to main content

ചലച്ചിത്ര മേളകള്‍ സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാര്‍ത്തെടുക്കും: മന്ത്രി ജെ ചിഞ്ചുറാണി

സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ രാജ്യാന്തര ചലച്ചിത്രമേളകള്‍ സുപ്രധാനമായ പങ്കാണ് വഹിക്കുതെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. അഞ്ചാമത് കൊയിലോണ്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളനം ബിഷപ്പ് ജെറോം നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സിനിമ ഒരു സര്‍ഗാത്മക കല മാത്രമല്ല സാമൂഹിക പ്രതിബിംബം കൂടിയാണ്. ഇത്തരം മേളകളിലൂടെ പ്രേക്ഷകര്‍ക്ക് ലോകത്തെ വിവിധ പ്രദേശങ്ങളിലെ ജീവിതം, ഭാഷാവൈവിധ്യം, സംസ്‌കാരം, ഭക്ഷണം, കല എന്നിവ ഉള്‍ക്കൊള്ളാന്‍ സാധിക്കും. സ്ത്രീധനം, അന്ധവിശ്വാസം, അനാചാരം എന്നിവയ്ക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിന് യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഷോര്‍ട് ഫിലിം മത്സരം മികച്ച ആശയമായിരുന്നു. ദേശീയ-ദേശാന്തര തലത്തില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ തുടര്‍ന്നും ജില്ലയില്‍ രാജ്യാന്തര ചലച്ചിത്ര മേളകള്‍ അരങ്ങേറേണ്ടത് അനിവാര്യമാണെും മന്ത്രി പറഞ്ഞു.

സംസ്ഥാന യുവജന കമ്മീഷനും കേരള സര്‍വകലാശാല യൂണിയനും സംയുക്തമായി സംഘടിപ്പിച്ച ചലച്ചിത്രമേളയില്‍ 17 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എ വിഷ്ണു അധ്യക്ഷനായി. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സന്‍ ചിന്ത ജെറോം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അനന്ദു പിള്ള, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ആര്‍ ഗോപീകൃഷ്ണന്‍, കേരള സര്‍വകലാശാല സെനറ്റ് അംഗം മുഹമ്മദ് ഷാഹിന്‍, യുവജന കമ്മീഷന്‍ അംഗങ്ങളായ വി വിനില്‍, സമദ്, കേരള സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി എം നസീം, ജോയിന്റ് സെക്രട്ടറി എം എസ് ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date