Skip to main content

ലൈഫ് പദ്ധതി: പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ ചെക്ക് വിതരണം നടത്തി

പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ രണ്ടാംഘട്ടം ലൈഫ് ഭവനപദ്ധതിയുടെയും കുടുംബശ്രീ വായ്പാ പദ്ധതിയുടെയും ധനസഹായ വിതരണം നടന്നു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള പവന്‍ തായ്ക്ക് ആദ്യ ചെക്ക് നല്‍കി പ്രസിഡന്റ് എസ് മോഹനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പട്ടികജാതി വിഭാഗത്തില്‍ നിന്നും 13 പേര്‍ക്കും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഉദ്ഘാടന ചടങ്ങില്‍ ആദ്യഘട്ട തുകയായ 40,000 രൂപയുടെ ചെക്ക് കൈമാറിയത്.
വൈസ് പ്രസിഡന്റ് ജോയിമ്മ എബ്രഹാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തിലെ ലൈഫ് പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത സ്വന്തമായി സ്ഥലം ഇല്ലാത്ത 80 പേര്‍ ഈ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം കുടുംബശ്രീയുടെ രജത ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് പാമ്പാടുംപാറ പഞ്ചായത്തിലെ സിഡിഎസില്‍ സംരംഭക ലോണിനത്തില്‍ രണ്ടര കോടി രൂപയുടെ മൈക്രോ ക്രെഡിറ്റ് വായ്പ്പ വിതരണവും നടന്നു. വനിതാ വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ശൈലജ സുരേന്ദ്രന്‍ വായ്പ വിതരണം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംഘങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 17 അയല്‍ക്കൂട്ടങ്ങള്‍, എസ് സി വിഭാഗത്തില്‍പ്പെട്ട മൂന്ന് അയല്‍ക്കൂട്ടങ്ങള്‍, എസ് ടി വിഭാഗത്തില്‍ ഒന്ന് എന്നിങ്ങനെ 21 അയല്‍ക്കൂട്ടങ്ങള്‍ക്കാണ് വായ്പ നല്‍കിയത്.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത രാജേഷ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി വി ആനന്ദ്, വിഇഒ അഖില്‍ ശശി, വാര്‍ഡ് അംഗങ്ങളായ ജോസ് തെക്കേക്കൂറ്റ്, മിനി മനോജ്, റൂബി ജോസഫ്, ഉഷ മണിരാജ്, പിടി ഷിഹാബ്, ഷിനി സന്തോഷ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ മോളമ്മ സുരേന്ദ്രന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date