Skip to main content
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സയൻസ് ലാബ് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

ഏഴുവർഷം കൊണ്ട് സംസ്ഥാനസർക്കാർ പൊതുവിദ്യാഭ്യാസരംഗത്ത് മുടക്കിയത് 3000 കോടി: മന്ത്രി വി. ശിവൻകുട്ടി

കോട്ടയം:  ഏഴുവർഷം കൊണ്ട് മൂവായിരം കോടി രൂപയിലേറെയാണു സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്തു മുടക്കിയത് എന്ന് പൊതുവിദ്യാഭ്യാസ-തൊഴിലും നൈപുണ്യവും വകുപ്പുമന്ത്രി വി. ശിവൻകുട്ടി. മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സയൻസ് ലാബ് സമുച്ചയം ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 45000 ലാബുകളാണ് പുതിയതായി സ്ഥാപിച്ചത്. എയ്ഡഡ് മേഖലയ്ക്കും സർക്കാർ മേഖലയ്ക്കും തുല്യപ്രധാന്യമാണ് സർക്കാർ നൽകുന്നതെന്നും കേരളത്തിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികളെയും സർക്കാർ ഒരുപോലെയാണു നോക്കിക്കാണുന്നതെന്നും മന്ത്രി പറഞ്ഞു.
 ആധുനിക വിദ്യാഭ്യാസ രീതികളിൽ  സാങ്കേതികതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അതുൾക്കൊണ്ടാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായം പ്രവർത്തിക്കുന്നത്. കോവിഡ് കാലത്ത് ലോകത്ത് വിദ്യാഭ്യാസ മേഖല നിശ്ചലാവസ്ഥയിൽ ആയപ്പോൾ കൈറ്റ് വിക്ട്‌ഴ്‌സ് ചാനൽ വഴി ഡിജിറ്റൽ വിദ്യാഭ്യാസം നടത്തിയവരാണ് നമ്മൾ. അധ്യാപകർക്കും വിദ്യാർഥികൾക്കും കുറെക്കൂടി നേരിട്ട് ഇടപെടാനാകുന്ന വിധത്തിൽ ഓൺലൈൻ വിദ്യാഭ്യാസവും നടപ്പാക്കി.
ഇന്റർനെറ്റ് ലഭ്യത കേരളത്തിൽ വിദ്യാർത്ഥികൾക്ക്  കൂടുതൽ സാധ്യത ഒരുക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകേണ്ടതുണ്ട്. രക്ഷിതാക്കൾക്ക് ഡിജിറ്റൽ ലിറ്ററസി ഉറപ്പുവരുത്താൻ  പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ്, സാക്ഷരതാ മിഷൻ തുടങ്ങിയ ഏജൻസികൾ  വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചുനടപ്പാക്കുന്നുണ്ട്. വിവിധ സോഫ്റ്റ്വേറുകൾ, ആപ്ലിക്കേഷനുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ട്വിങ്കറിംഗ് ലാബുകൾ തുടങ്ങിയവയുടെ സഹായത്തോടെ പഠനബോധന പ്രവർത്തനങ്ങളുടെ നിലവാരം രാജ്യാന്തരരീതിയിലേക്ക് ഉയർത്താനാകുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ.  സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായിരുന്നു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിച്ചു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ് പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ബിൻസി മാനുവേൽ ചേന്നാട്ട്, സി.വി. അനിൽകുമാർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം പി.കെ പ്രദീപ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എൻ സോമരാജൻ, സിനിമോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്ട്, ഫൈസൽ മോൻ, ആസൂത്രണ ബോർഡ് അംഗം കെ. രാജേഷ്, ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എം. സന്തോഷ് കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ഹയർ സെക്കൻഡറി അസിസ്റ്റന്റ് ജില്ലാ കോർഡിനേറ്റർ പി.ആർ.പ്രവീൺ, പി.ടി.എ. പ്രസിഡന്റ് കെ.ടി. സനിൽ, കെ.ജെ. പ്രസാദ്, എസ്.എം.സി ചെയർമാൻ പി.ബി. രാധാകൃഷ്ണൻ, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ പി.എസ് സുരേഷ് ഗോപാൽ, ഹെഡ്മിസ്ട്രസ്സ് ആശാ സിന്ധു, അധ്യാപക പ്രതിനിധി ബി.സുരേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ബിജു ആന്റണി, സിജു കൈതമറ്റം,  എം.പി രാജേഷ് എന്നിവർ പ്രസംഗിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന വി.എച്ച്.എസ്.എസ് അധ്യാപകൻ തോമസ് പാട്രിക്കിനെയും കരാറുകാരായ ജിജി വേഷ്ണാൽ, മോൻ ജോസഫ് ഒറ്റതൈയ്ക്കൽ എന്നിവരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.
 

date