Skip to main content
പനയ്ക്കച്ചിറ ഗവ. ഹൈസ്‌കൂളിൽ നിർമിച്ച ഹൈടെക് സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുന്നു.

സാമ്പത്തികപ്രതിസന്ധിക്കിടയിലും പൊതുവിദ്യാലയങ്ങൾക്കായി സർക്കാർ വൻതുക ചെലവാക്കി: മന്ത്രി വി. ശിവൻകുട്ടി

കോട്ടയം: കോവിഡ് കാലം അടക്കം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും പൊതുവിദ്യാലയങ്ങൾക്ക് വേണ്ടി വലിയ തുക ചെലവഴിക്കുന്നതു പൊതുവിദ്യാഭ്യാസത്തോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്ന്് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി. രണ്ടുകോടി രൂപ മുടക്കി പനയ്ക്കച്ചിറ ഗവ. ഹൈസ്‌കൂളിൽ നിർമിച്ച ഹൈടെക് സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ അക്കാദമിക മികവും മെച്ചപ്പെടുത്തേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടികളുടെ ഭാഗമായി വിദ്യാകിരണം മിഷനിൽ ഉൾപ്പെടുത്തി ഉദ്ഘാടനത്തിന് തയ്യാറാകുമെന്ന് കരുതിയത് 67 സ്‌കൂൾ കെട്ടിടങ്ങളാണ്. എന്നാൽ ഇപ്പോൾ 74 സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനത്തിനു സജ്ജമാണ്. ഇതിൽ 16 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടന്നു കഴിഞ്ഞു. ഇതിനായി ചെലവഴിക്കുന്ന തുക 113 കോടി 21 ലക്ഷം രൂപയാണെന്നും മന്ത്രി പറഞ്ഞു.  
 അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷനായിരുന്നു. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നിർവഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ എം.ജി. ലൈജു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്ത് അംഗം പി.ആർ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രജീഷ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈൻ, സ്ഥിരം സമിതി അധ്യക്ഷ ജാൻസി സാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീബാ ഷിബു, സിനു സോമൻ, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ഐ.ടി.ഡി.പി. ജില്ലാ പ്രോജക്ട് ഓഫീസർ കെ.ജി. മോളിക്കുട്ടി, വിദ്യാകിരണം മിഷൻ ജില്ലാ കോഡിനേറ്റർ കെ.ജെ. പ്രസാദ്, കോട്ടയം ഡയറ്റ് പ്രിൻസിപ്പൽ ആർ. പ്രസാദ്, കാഞ്ഞിരപ്പള്ളി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. റസീന, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എച്ച്. ഷൈലജ, സി.കെ. സിന്ധു കെ.എസ്. സിന്ധു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. രാജേഷ്, കെ.ബി. രാജൻ, ബാബു കോക്കാപ്പള്ളി, ജോയി പുരയിടം, പി.എസ്. സന്തോഷ്, കെ.പി. റെജി,  എന്നിവർ പ്രസംഗിച്ചു.

date