Skip to main content

അവധിക്കാലം: സുരക്ഷിതമാക്കാം നമ്മുടെ കുട്ടികളെ

ലൈംഗിക അതിക്രമങ്ങളിൽ നിന്നും സുരക്ഷ ഉറപ്പാക്കാൻ നിർദേശങ്ങളുമായി ചൈൽഡ് ലൈൻ
അവധിക്കാലത്ത് ലൈംഗിക അതിക്രമങ്ങളിൽ നിന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ   നിർദേശങ്ങളുമായി ചൈൽഡ് ലൈൻ. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ 70 ശതമാനവും സംഭവിക്കുന്നത് അവധിക്കാലത്തായതിനാൽ കുട്ടികളുടെ മേൽ ശ്രദ്ധ ആവശ്യമാണെന്ന് ചൈൽഡ് ലൈൻ കോർഡിനേറ്റർ അൻവർ കാരക്കാടൻ പറഞ്ഞു. കുട്ടികളെ ലൈംഗികമായി വേട്ടയാടുന്നവർക്കായി നിങ്ങളുടെ വീട്ടിൽ അവസരങ്ങളില്ലെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കുട്ടിക്ക് ആ ദിവസത്തെക്കുറിച്ച് മനസ്സ് തുറക്കാൻ അവസരം നൽകുന്നതും പ്രോത്സാഹിപ്പിക്കുന്നതും അത്തരം അനുഭവങ്ങൾ തുറന്ന് പറയാൻ സഹായകരമാകും. കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി  സംശയം തോന്നിയാൽ മറച്ചുവെക്കാതെ ചൈൽഡ് ലൈൻ നമ്പർ '1098' ലോ പോലീസിലോ ഉടൻതന്നെ വിവരം അറിയിക്കണമെന്നും ചൈൽഡ് ലൈൻ കോർഡിനേറ്റർ അറിയിച്ചു.

രക്ഷിതാക്കൾക്കുള്ള നിർദേശങ്ങൾ:

* കുട്ടികളുടെ പ്രവർത്തനങ്ങളെക്കുറിച്ചും അവർ ഉൾപ്പെട്ടിരിക്കുന്ന / ഇടപെടുന്ന ആളുകളെക്കുറിച്ചും വ്യക്തമായി അറിയുക.
* കുട്ടിയുമായി സമയം ചെലവഴിക്കുന്ന മുതിർന്നവരുടെ പെരുമാറ്റങ്ങൾ ശ്രദ്ധിക്കുക. പ്രത്യേകിച്ച് അവസരങ്ങൾ ഒന്നുമില്ലാതെ പണമോ പാരിതോഷികമോ നൽകുന്നുണ്ടോ എന്ന് നിരീക്ഷിക്കുക.
* മുതിർന്നവരോടും കുടുംബാംഗങ്ങളോട് പോലും അനാവശ്യ ആലിംഗനങ്ങൾ, ചുംബനം, അല്ലെങ്കിൽ മറ്റ് അമിത വാത്സല്യ പ്രകടനങ്ങൾ എന്നിവയോട്  'നോ' എന്ന് പറയുന്നത് ശരി ആണെന്ന് അറിയിക്കുക.
* കുട്ടിയെ വീട്ടിൽ തനിച്ചാക്കി / മറ്റുള്ളവരെ ഏൽപ്പിച്ചു പോകുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.
* കഴിയുന്നതും കുട്ടി മുതിർന്നവരുമായി കൂടുതൽ സമയം ഒറ്റക്ക് ഇരിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക.
* സ്വന്തം ശരീരത്തെ പരിപാലിക്കാൻ കുട്ടികളെ പഠിപ്പിക്കുക.
* സ്വകാര്യ ശരീരഭാഗങ്ങളുടെ കൃത്യമായ പേരുകൾ, ശരിയായ സ്പർശനവും ശരിയല്ലാത്ത സ്പർശനവും തമ്മിലുള്ള വ്യത്യാസവും കുട്ടികളെ പഠിപ്പിക്കുക.
* തങ്ങളുടെ ശരീരം തങ്ങളുടേത് മാത്രമാണെന്നും അനുവാദമില്ലാതെ ശരീരത്തിൽ തൊടാനോ ഫോട്ടോ എടുക്കാനോ ആർക്കും അവകാശമില്ലെന്നും ബോധ്യപ്പെടുത്തുക.
* കുട്ടിയുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക.
* ഓൺലൈനിൽ വ്യക്തിഗത വിവരങ്ങൾ നൽകുന്നത്, ഫോണിലൂടെയോ ഇന്റർനെറ്റിലൂടെയോ സ്വകാര്യ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് തുടങ്ങിയവ ഉൾപ്പെടെ ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുക.
* ഇന്റർനെറ്റിൽ പോസ്റ്റുചെയ്ത കാര്യങ്ങൾ എളുപ്പത്തിൽ നീക്കം ചെയ്യപ്പെടില്ലെന്ന് അവരെ ഓർമിപ്പിക്കുക.

date