Skip to main content

കാവനൂർ- മഞ്ചേരി പാതയിൽ ഒരുങ്ങുന്നു വഴിയിട വിശ്രമ കേന്ദ്രം  ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയിൽ 15 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമ കേന്ദ്രം ഒരുക്കുന്നത്

 

 

 വഴിയാത്രക്കാർക്ക് ദേശീയ സംസ്ഥാനപാതയോരങ്ങളിൽ ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമകേന്ദ്രങ്ങളൊരുക്കുന്ന ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയിൽ ഉൾപ്പെടുത്തി കാവനൂരിലെ പാറമ്മലിലും വഴിയിട വിശ്രമ കേന്ദ്രം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കാവനൂർ ഗ്രാമപഞ്ചായത്ത്. വിശ്രമകേന്ദ്രം വരുന്നത് മഞ്ചേരി-അരീക്കോട് സംസ്ഥാനപാതയിലായതിനാൽ ഇത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാകും.

 തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും ശുചിത്വമിഷന്റെയും ഫണ്ടുകൾ ഉപയോഗിച്ച് 15 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കുക. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിൽ ആധുനിക സംവിധാനങ്ങളോടെയുള്ള പൊതുശുചി മുറികളും വിശ്രമ കേന്ദ്രവും ആയിരിക്കും ഇവിടെ ഉണ്ടായിരിക്കുക. എല്ലാ ടോയിലറ്റുകളിലും സാനിട്ടറി നാപ്‌കിൻ ഡിസ്ട്രോയർ, അജൈവമാലിന്യ സംഭരണ സംവിധാനങ്ങൾ, അണുനാശിനികൾ എന്നിവ സജ്ജീകരിക്കും.

ഇതോടൊപ്പം കോഫി ഷോപ്പും കുടുംബശ്രീയുടെ വിപണന സ്റ്റാളും ഉണ്ടായിരിക്കും. ഇതോടനുബന്ധമായി ഒരു മിനി പാർക്കും നിർമ്മിക്കും. ടെൻഡർ നടപടികൾ പൂർത്തിയായതിനാൽ ഈ ആഴ്ച തറക്കല്ലിടൽ നടത്തുമെന്നും മൂന്ന് മാസത്തിനുള്ളിൽ ഒന്നാം ഘട്ടപ്രവൃത്തികൾ പൂർത്തിയാക്കി വിശ്രമകേന്ദ്രം നാടിനു സമർപ്പിക്കുമെന്നും കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ പറഞ്ഞു.

 

date