Skip to main content
ഫോട്ടോ-പൊതുവിദ്യാഭ്യാസ വകുപ്പ് സ്റ്റാള്‍.

എന്റെ കേരളം പ്രദര്‍ശന വിപണന മേള മൊബൈല്‍ ഫോണില്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാം അറിയാനായി വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിലേക്ക് വരൂ

 

ലോകത്തെവിടെയുമിരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനുള്ള സംവിധാനവും കൈറ്റ് മുഖേന റോബോട്ടിക്‌സ് ട്രെയ്‌നിങ് ലഭിച്ച ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബുമായി ബന്ധപ്പെട്ട് വികസിപ്പിച്ച വിവിധ പ്രവര്‍ത്തനങ്ങളുമൊരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ് സ്റ്റാള്‍. 2022-23 വര്‍ഷത്തില്‍ ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ നടന്ന മികച്ച പ്രവര്‍ത്തനങ്ങളും വീഡിയോ വാളില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇത് കൂടാതെ സബ്ജില്ലാ തലത്തില്‍ കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ ഉള്‍പ്പടെയുള്ളവരുടെ അവതരണങ്ങള്‍, രക്ഷിതാക്കളുടെ അനുഭവങ്ങള്‍, ഗണിത വിജയം, ഉല്ലാസ ഗണിതം എന്നിവയില്‍ പഠിച്ച കുട്ടികളുടെ മികവുകളുടെ നേര്‍സാക്ഷ്യങ്ങള്‍, പസിലുകള്‍, റിഡിലുകള്‍, ക്വിസ്, അടിക്കുറിപ്പ് മത്സരങ്ങളും എല്ലാ ദിവസവും നടന്നു വരുന്നു.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ സോഫ്റ്റ്‌വെയറും മറ്റ് സാങ്കേതികതയും ഉപയോഗിച്ച് തയ്യാറാക്കിയ ശാസ്ത്ര പരീക്ഷണ രീതികളും സ്റ്റാളിലൊരുക്കിയിട്ടുണ്ട്. ഓംസ് ലോ, അവഗാഡ്രോസ് ലോ തുടങ്ങി സയന്‍സ് സംബന്ധമായ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ മൊബൈല്‍ ഫോണില്‍ അപ്ലിക്കേഷന്‍ വഴി ഡയഗ്രം, അനാലിസിസ് ആയി അറിയാനാകുമെന്ന് വിദ്യാര്‍ത്ഥികള്‍ വിശദീകരിക്കുന്നു. സമഗ്ര ശിക്ഷാ കേരള മുഖേന വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത ടിങ്കറിങ് ലാബാണ് സ്റ്റാളിലെ മറ്റൊരാകര്‍ഷണം. റോബോട്ടിക്‌സ്, ചിപ്‌സ് ഉപയോഗിച്ച് സൃഷ്ടിച്ച ഉപകരണങ്ങളെക്കുറിച്ച് സ്റ്റാളില്‍ വിശദീകരിക്കുന്നുണ്ട്.

ഭിന്നശേഷി കുട്ടികള്‍ക്ക് പ്രത്യേകം അവസരം

ജില്ലയിലെ വിവിധ ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളുകളിലെ വിവിധ പരിപാടികളാണ് സ്റ്റാളിലെ മറ്റൊരു സവിശേഷത. ഭിന്നശേഷി കുട്ടികളുടെ കഥ, കവിത, സിനിമാ ഗാനങ്ങള്‍, നൃത്തം തുടങ്ങി സവിശേഷ കലാപരിപാടികളും അവര്‍ തയ്യാറാക്കിയ പ്രദര്‍ശന വസ്തുക്കളും സ്റ്റാളിലുണ്ട്. രക്ഷിതാക്കളും സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരും കുട്ടികള്‍ക്ക് പിന്തുണയായി കൂടെയുണ്ട്.

ഇന്ന് ഉച്ചയ്ക്ക് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് (ഏപ്രില്‍ 14) സംസ്ഥാനതല കലോത്സവത്തിലും ദേശീയതലത്തില്‍ കലാമത്സവിലും പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഉച്ചയ്ക്ക് 12 ന് പാലക്കാട് ബി.ഇ.എംഎച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി സപര്യ ഭരതനാട്യം അവതരിപ്പിക്കും. 12.20 ന് പുതുപ്പരിയാരം സി.ബി.കെ.എം സ്‌കൂള്‍ വിദ്യാര്‍ത്ഥി സി.വി അതുല്യയുടെ നാടോടി നൃത്തം, ഉച്ചയ്ക്ക് 12.30 ന് അഗളി ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികളായ നിഷയും സംഘവും അവതരിപ്പിക്കുന്ന കുമ്മി, ഉച്ചയ്ക്ക് ഒന്നിന് പാലക്കാട് പി.എം.ജി.എച്ച്.എസ്.എസിലെ കബനി, അതിഥി എന്നിവരുടെ നൃത്താവിഷ്‌കാരം, 1.15 ന് വള്ളിക്കോട് എ.യു.പി സ്‌കൂളിലെ ഹര്‍ഷിനി കൃഷ്ണ അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്നിവ നടക്കും. തുടര്‍ന്ന് പാലക്കാട് പി.എം.ജി.എച്ച്.എസ്.എസിലെ ദില്‍ന സുനിലും സംഘവും ആന്റി ഫ്‌ളാഷ് മോബും അവതരിപ്പിക്കും.

 

date