Skip to main content

ജന്‍ സുരക്ഷ പദ്ധതികളുമായി ലീഡ് ബാങ്ക് സ്റ്റാള്‍

 

സാമൂഹ്യ സുരക്ഷാ പദ്ധതികളായ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, സുരക്ഷ ബീമാ യോജന എന്നിവയുടെ പ്രത്യേകതകള്‍ ജനങ്ങള്‍ക്ക് ലളിതമായി മനസിലാക്കുന്നതരത്തില്‍ വീഡിയോ പ്രദര്‍ശനവുമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ലീഡ് ബാങ്ക് സ്റ്റാള്‍. പൊതുജനങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളാണ് ഇവ. ഇതില്‍ ജീവന്‍ ജ്യോതി ബീമാ യോജന മരണാനന്തര സഹായമായി ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതും സുരക്ഷാ ബീമാ യോജന അപകടംമൂലമുള്ള ഗുരുതര അംഗവൈകല്യമോ മരണമോ സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കുന്ന ഇന്‍ഷുറന്‍സുമാണ്.
18 മുതല്‍ 70 വയസ് വരെ ഏതൊരാള്‍ക്കും പ്രതിവര്‍ഷം 20 രൂപ അടച്ചുകൊണ്ട് സുരക്ഷാ ബീമാ യോജനയില്‍ അംഗമാകാം. അപകട മരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയും അപകടം വഴി ഗുരുതര അംഗവൈകല്യം സംഭവിച്ചാല്‍ ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെയും ലഭിക്കും. ഏത് തരത്തിലുള്ള മരണം സംഭവിച്ചാലും അവകാശിക്ക് രണ്ട് ലക്ഷം രൂപ നല്‍കുന്ന പദ്ധതിയാണ് ജീവന്‍ ജ്യോതി ബീമാ യോജന. 18 മുതല്‍ 50 വയസ് വരെയുള്ളവര്‍ക്ക് വാര്‍ഷിക പ്രീമിയം 436 രൂപ നല്‍കിയാല്‍ ഇതില്‍ അംഗമാകാം. 55 വയസ് വരെ കവറേജ് ലഭിക്കും. പദ്ധതികളില്‍ ചേരുന്നതിനായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലുള്ള ലീഡ് ബാങ്ക് സ്റ്റാള്‍ സന്ദര്‍ശിക്കുകയോ സേവിങ്‌സ് അക്കൗണ്ട് ഉള്ള ബാങ്ക് ശാഖ അല്ലെങ്കില്‍ പോസ്റ്റ് ഓഫീസുമായോ ബന്ധപ്പെടാം.

date