Skip to main content

342 കോടിയും കടന്ന് കുടുംബശ്രീയുടെ സമ്പാദ്യം

 

ചെറുസംരംഭങ്ങൾ മുതൽ നിർമാണ മേഖലയിലും ആരോഗ്യരംഗത്തും മികച്ച പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന ജില്ലയിലെ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളുടെ കഴിഞ്ഞ വർഷത്തെ സമ്പാദ്യം 342,09,80,706 രൂപ. ജില്ലയിലെ 32,000 അയൽക്കൂട്ടങ്ങളും പ്രവർത്തന മികവുകളുമായി മുന്നേറുകയാണ്. ജില്ലയിൽ 111 സി.ഡി.എസുകളിലായി 4,05,171 അയൽക്കൂട്ട അംഗങ്ങളാണുള്ളത്. ഭക്ഷ്യവസ്തുക്കൾ, തയ്യൽ, ആഭരണ നിർമാണം, മൃഗസംരക്ഷണം, കാന്റീൻ, ഹോട്ടൽ, നിർമാണ മേഖല, പേപ്പർ ഉത്പന്ന നിർമാണം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സംരംഭങ്ങളുള്ളത്. ഓൺലൈൻ വിപണി വഴിയും ഉത്പന്നങ്ങൾ വിൽക്കുന്നുണ്ട്. കരിപ്പൂർ വിമാനത്താവളത്തിലെ കുടുംബശ്രീ ഔട്ട്ലെറ്റ് വഴിയും വിപണി കണ്ടെത്തുന്നു. ജനകീയ ഹോട്ടൽ മേഖലയിൽ മാതൃകാ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജില്ലയിൽ 150 ജനകീയ ഹോട്ടലുകളാണുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുള്ളതും മലപ്പുറത്താണ്. ഒരുദിവസം മുപ്പതിനായിരത്തിനടുത്ത് ഊണും ഇതുവഴി നൽകുന്നു. തൊഴിലിനൊപ്പം സേവന രംഗത്തും സജീവമാണ് കുടുംബശ്രീ അംഗങ്ങൾ. ബേസിക് ലൈഫ് സപ്പോർട്ട് പ്രോഗ്രാം, ബ്ലഡ് ഡൊണേഷൻ ഫോം തുടങ്ങി വിവിധ പദ്ധതികളിലൂടെയാണ് പ്രവർത്തനം. നാല് കമ്പനികളുമായി ചേർന്ന് നാല് തൊഴിൽ മേളകളാണ് കുടുംബശ്രീ സംഘടിപ്പിച്ചത്. അതിൽ 5208 പേർ പങ്കെടുക്കുകയും 1209 പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്തു.

ബാലസഭകൾ                      -3563
സംഘകൃഷി ഗ്രൂപ്പുകൾ    -4120
കാർഷിക സംരംഭങ്ങൾ   -135
പ്ലാന്റ് നഴ്സറികൾ                 -52
മൃഗസംരക്ഷണ യൂണിറ്റുകൾ       -774
ആകെ സംരംഭ യൂണിറ്റുകൾ      -5736
ബഡ്സ് സ്ഥാപനങ്ങൾ         -44
കുടുംബശ്രീ സഹായം നൽകുന്ന അഗതി കുടുംബങ്ങൾ -15,379

 

date