Skip to main content

സമ്പൂർണ്ണ പത്താം തരം തുല്യതാ പദ്ധതി: കർമ്മ പരിപാടികൾ ആവിഷ്‌ക്കരിച്ചു

 

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലയിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ പത്താം തരം തുല്യതാ പദ്ധതി വിജയിപ്പിക്കാൻ ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗം കർമ്മ പരിപാടികൾ ആവിഷ്‌ക്കരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു. പദ്ധതി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അടുത്തയാഴ്ച പ്രത്യേക യോഗങ്ങൾ ചേരും. എല്ലാ വാർഡുകളിലും 18നും 50നും ഇടയിൽ പ്രായമുള്ള പഠിതാക്കളെ കണ്ടെത്താൻ ഈ മാസം സർവേ പൂർത്തിയാക്കും. ഇവർക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിൽ പഠന കേന്ദ്രങ്ങൾ ഒരുക്കി ജൂൺ ആദ്യവാരം ക്ലാസുകൾ ആരംഭിക്കും. പഠന കേന്ദ്രങ്ങളിൽ പഠന പ്രവർത്തനങ്ങൾക്കൊപ്പം വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ, സംഗമങ്ങൾ, കലാ സാഹിത്യ മത്സരങ്ങൾ തുടങ്ങിയവ നടത്തും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ നസീബ അസീസ്, ആലിപ്പറ്റ ജമീല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, അംഗങ്ങളായ കെ.ടി. അഷ്‌റഫ്, വി.കെ.എം ഷാഫി, പി. ഷഹർ ബാൻ, യാസ്മിൻ അരിമ്പ്ര, ബഷീർ രണ്ടത്താണി, എ.പി സബാഹ്, ഷമീറ പുളിക്കൽ, റൈഹാനത്ത് കുറുമാടൻ, വളാഞ്ചേരി നഗരസഭാ അധ്യക്ഷൻ അഷ്‌റഫ് അമ്പലത്തിങ്ങൽ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസ്വ. കാരാട്ട് അബ്ദുറഹ്‌മാൻ തുടങ്ങിയവർ പ്രസംഗിച്ചു. വിജയഭേരി ജില്ലാ കോർഡിനേറ്റർ എം. സലീം പദ്ധതി വിശദീകരിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ സി. അബ്ദുൽ റഷീദ് സ്വാഗതവും കെ. മൊയ്തീൻ കുട്ടി നന്ദിയും പറഞ്ഞു.

 

 

date