Skip to main content

ബേപ്പൂർ തുറമുഖ വികസനം വേഗത്തിലാക്കാൻ നടപടി ആരംഭിച്ചു

 

സംസ്ഥാനത്തെ പ്രധാന ചെറുകിട ഇടത്തരം തുറമുഖമായ ബേപ്പൂരിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആഴം കൂട്ടലിനും നടപടി ആരംഭിച്ചതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ ഓഫീസിൽ നിന്നറിയിച്ചു. തുറമുഖത്തിൻ്റെ റവന്യൂ വരുമാനം വർദ്ധിപ്പിക്കുന്നതിനായി വലിയ കണ്ടെയ്നർ കപ്പലുകൾക്ക് ഉൾപ്പെടെ അനായാസം തുറമുഖത്തെത്താൻ കപ്പൽ ചാലിൻ്റെ ആഴം കൂട്ടുന്നതിനായുള്ള ടെണ്ടർ നടപടികൾ തുടങ്ങി. തുറമുഖം മുതൽ   അഴിമുഖം വരെ മൂന്നു കിലോമീറ്റർ ദൈർഘ്യത്തിൽ 100 മീറ്റർ വീതിയിൽ കപ്പൽ ചാൽ 5.5 മീറ്റർ ആഴമാക്കും. വാർഫ് ബേസിനും ആഴം കൂട്ടുന്നതോടെ കൂറ്റൻ കണ്ടെയ്നറുകൾക്കും നങ്കൂരമിടാനാകും. 11. 8 കോടി രൂപ ഡ്രഡ്ജിങ്ങിന് മാത്രമായി അനുവദിച്ചിട്ടുണ്ട്. സിൽക്കിന് പാട്ടത്തിന് നൽകിയ ഭൂമി കൂടി ഉടൻ ലഭ്യമാക്കി  ഈ സ്ഥലവും നേരത്തെ ബേപ്പൂർ കോവിലകത്തിൽ നിന്നും 25.25 കോടി രൂപ ചെലവിട്ട് ഏറ്റെടുത്ത 3.83 ഏക്കർ ഭൂമിയും ചേർത്ത്  ചരക്ക് സംഭരണത്തിനും കയറ്റിറക്കിനുമായി വിശാലമായ ഗോഡൗൺ നിർമ്മാണമടക്കം അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. നിശ്ചലമായ
ക്രെയ്നുകൾ യഥാസമയം കേടുപാടു തീർക്കുന്നതിനായി കേരള മാരിടൈം ബോർഡ് ഫണ്ടിൽ നിന്നും സ്ഥിരം മുൻകൂർ തുക നൽകും. മൊബൈൽ ക്രെയിൻ വാങ്ങുന്നതിനുള്ള നടപടികളും സ്വീകരിച്ചു. രണ്ട് , അഞ്ച് നമ്പർ ക്രെയ്നുകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. കാർഗോ സ്കാനിങ് മെഷീൻ  ആവശ്യമെങ്കിൽ സ്ഥാപിക്കാനും മാരിടൈം ബോർഡ് നടപടി സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.

date