Skip to main content

കുരുന്നുകൾക്കൊരു വര്‍ണ്ണകൂടാരം; തൃക്കോട്ടൂർ വെസ്റ്റ് ​ഗവ. എൽ.പി സ്കൂളിലെ  പ്രീ പ്രൈമറി പഠനം ഇനി അന്താരാഷ്ട്ര നിലവാരത്തിൽ

 

കുരുന്നുകള്‍ക്ക് ഇനി കണ്ടും കേട്ടും അറിഞ്ഞും വളരാം. പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന വര്‍ണ്ണകൂടാരം പദ്ധതി തൃക്കോട്ടൂർ വെസ്റ്റ് ​ഗവ. എൽ.പി സ്കൂളിൽ യാഥാർത്ഥ്യമായി. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറി ഒരുക്കിയത്. തൃക്കോട്ടൂർ വെസ്റ്റ് ​ഗവ. എൽ.പി സ്കൂളിലെ മാതൃകാ പ്രീപ്രെെമറി വർണ്ണകൂടാരത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു.

കോഴിക്കോട് എസ്.എസ്.കെ മേലടി ബി.ആർ.സി മുഖേന ലഭ്യമാക്കിയ 11 ലക്ഷം രൂപ ചെലവഴിച്ചാണ് മാതൃകാ പ്രീപ്രെെമറി നിർമ്മിച്ചത്. ഹരിത ഉദ്യാനം, വിശാലമായ കളിയിടം, ശിശു സൗഹൃദ ഇരിപ്പിടങ്ങള്‍, വര്‍ണ്ണാഭമായ ക്ലാസ്സ് മുറികള്‍ എന്നിവയും വായനാ ഇടം, ഗണിത ഇടം, നിരീക്ഷണ ഇടം, പാവ ഇടം, വരയിടം തുടങ്ങി വിവിധ കോര്‍ണറുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികളെ ആകര്‍ഷിക്കുകയും അവരുടെ അക്കാദമിക ഭൗതിക മാനസിക ചിന്തകള്‍ വികസിപ്പിക്കുകയും ചെയ്യുന്ന ചുമര്‍ചിത്രങ്ങള്‍, വര്‍ണ്ണക്കൂടാരത്തിന്റെ പ്രത്യേകതയാണ്.

അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉറപ്പാക്കാന്‍ സമഗ്ര ശിക്ഷ കേരള നടപ്പാക്കിയ പ്രീ സ്‌കൂള്‍ ശാക്തീകരണ പദ്ധതിയാണ് വര്‍ണ്ണകൂടാരം. സംസ്ഥാനത്തെ മുഴുവന്‍ പ്രീ പ്രൈമറി ക്ലാസ്സുകളെയും അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂളുകളില്‍ നിലവിലുളള കെട്ടിടങ്ങള്‍ നവീകരിച്ചാണ് പ്രീ പ്രൈമറി ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കുന്നത്. പദ്ധതിക്കായി തിരെഞ്ഞെടുത്ത സ്‌കൂളുകളുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. 

തൃക്കോട്ടൂർ വെസ്റ്റ് ​ഗവ. എൽ.പി സ്കൂളിൽ ശിശു സൗഹൃദ ക്ലാസ്മുറികൾ, വിശാലമായ കളിയിടം, കുട്ടികളുടെ കലാപ്രകടനങ്ങള്‍ക്ക്
അവസരം നല്‍കുന്ന ആവിഷ്‌കാര ഇടമായ കുഞ്ഞരങ്ങ്, ചുമര്‍ചിത്രങ്ങള്‍ എന്നിവയെല്ലാമുണ്ട്. ഇന്‍ഡോര്‍ അവതരണത്തിനായി ക്ലാസ്സ്മുറിയില്‍ തന്നെ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള അവതരണയിടവും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഒറ്റയ്‌ക്കോ സംഘമായോ അവതരണം നടത്തുന്നതിനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. മള്‍ട്ടി പര്‍പ്പസ് ചിത്രപ്പെട്ടികള്‍ കൂട്ടിയോജിപ്പിച്ചാണ് അവതരണ തലം ഒരുക്കിയത്. സ്കൂളിന്റെ മാറ്റം കുട്ടികളെ ആകർഷിക്കുന്ന തരത്തിലാണെന്നും കൂടുതൽ പേർ സ്കൂളിലേക്ക് എത്തുന്നതിന് സഹായകമാണെന്നും അധ്യാപകർ പറഞ്ഞു.

date