Skip to main content
.

മഴക്കാല പൂര്‍വ്വ ശുചീകരണം: ജില്ലാതല അവലോകന യോഗം ചേര്‍ന്നു

ജില്ലയിലെ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കളക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം, മാലിന്യ സംസ്‌കരണം എന്നിവയുടെ ഭാഗമായി ആരോഗ്യജാഗ്രതയോടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കണമെന്നും മഴക്കാല ദുരന്തങ്ങള്‍ വരാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അതൊഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ കൈകൊള്ളണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ജില്ലയില്‍ വലിച്ചെറിയല്‍ മുക്തകേരളം കാമ്പയ്ന്‍ ശക്തിപ്പെടുത്തുന്നതിനും ഇതുവരെ മിനി മാലിന്യ ശേഖരണ സംവിധാനം(എംസിഎഫുകള്‍) സ്ഥാപിക്കാത്ത പഞ്ചായത്തുകള്‍ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കുകയും നിലവിലുള്ളവ കൃത്യമായി പരിപാലിക്കാനും തീരുമാനിച്ചു.
ഖരമാലിന്യ സംസ്‌കരണം പോലെ തന്നെ ദ്രവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനും പ്രാധാന്യം നല്‍കുക, ടൗണുകള്‍ കേന്ദ്രീകരിച്ചുള്ള ഓടകള്‍ പഞ്ചായത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ശുചീകരിക്കുക, എല്ലാ പഞ്ചായത്തുകളിലും ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തുക, ഹരിതകര്‍മ്മ ആപ്പ് എല്ലാ പഞ്ചായത്തുകളിലും ഉപയോഗപ്രദമാക്കുക തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള പുരോഗതി അവലോകനം ചെയ്തു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍  കെ. വി കുര്യാക്കോസ്, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ലാല്‍ കുമാര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, കുടുംബശ്രീ സിഡി. എസ് ചെയര്‍പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം:
മഴക്കാല പൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍  കളക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗം

date