Skip to main content

എന്റെ കേരളം'; മത്സരിക്കാം സമ്മാനങ്ങള്‍ നേടാം

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 9 മുതല്‍ 15 വരെ തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ഥി കോര്‍ണറില്‍ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന - വിപണന മേളയുടെ ഭാഗമായി വിവിധ മത്സരങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്നു. റീല്‍സ് നിര്‍മാണം, ഉപന്യാസ രചന, ചിത്ര രചനാ മല്‍സരങ്ങളാണ് സംഘടിപ്പിക്കുക.

'എന്റെ കേരളം' എന്ന വിഷയത്തില്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കാണ് ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുക. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് യുവതയുടെ നവകേരളം എന്നതും പൊതുജനങ്ങള്‍ക്ക് ജില്ലയുടെ വികസനം-പ്രശ്‌നങ്ങളും സാധ്യതകളും എന്നതുമാണ് മത്സരത്തിനുള്ള വിഷയം. 500 വാക്കില്‍ കവിയാത്ത ഉപന്യാസം മത്സരാര്‍ഥിയുടെ പേര്, മത്സരിക്കുന്ന വിഭാഗം, വിലാസം, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് വഴി അയക്കണം.

ലേഖനമത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 200 പേരുടെ സംഗമം സംഘടിപ്പിക്കും. മന്ത്രിമാരടക്കമുള്ള ജില്ലയിലെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഗമത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജില്ലയുടെ വികസനകാഴ്ചപ്പാടുകള്‍ ജനപ്രതിനിധികള്‍ക്കുമുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും.

ജില്ലയുടെ വികസനക്കാഴ്ചകള്‍ എന്ന വിഷയത്തിലാണ് പൊതുജനങ്ങള്‍ക്കായി റീല്‍സ് മത്സരം നടക്കുക. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അയക്കണം.

എന്റെ കേരളം എന്ന വിഷയത്തില്‍ എല്‍പി/യുപി വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാമത്സരവും സംഘടിപ്പിക്കും. എ3 വലുപ്പമുള്ള വെള്ള ചാര്‍ട്ട് പേപ്പറില്‍ വരച്ച ജലച്ചായച്ചിത്രം സ്‌കാന്‍ ചെയ്ത് വാട്ട്‌സാപ്പ് നമ്പറിലേക്ക് അയയ്ക്കണം. മത്സരാര്‍ഥിയുടെ പേര്, പ്രായം, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഇതോടൊപ്പം മെസേജായി അയയ്ക്കണം.

9496003219 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്കാണ് ഉപന്യാസങ്ങളും റീല്‍സും ചിത്രങ്ങളും അയക്കേണ്ടത്. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയ്യതി ഏപ്രില്‍ 30. വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും മെയ് 15ന് തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശനത്തിന്റെ സമാപന സമ്മേളനത്തില്‍ വെച്ച് വിതരണം ചെയ്യും.

date