Skip to main content

ക്യാമ്പയിൻ സെക്രട്ടറിയേറ്റ് യോഗം ചേർന്നു

"നവകേരളം വൃത്തിയുള്ള കേരളം" എന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ല ക്യാമ്പയിൻ സെക്രട്ടറിയേറ്റ് യോഗം ചേർന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ മാലിന്യമുക്ത സംസ്ഥാനം എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ക്യാമ്പയിൻ സെക്രട്ടറിയേറ്റ് പ്രവർത്തനം.

മാലിന്യം ഉറവിടത്തിൽ തരം തിരിക്കുക, ജൈവമാലിന്യം പരമാവധി ഉറവിടത്തിലും സാമൂഹ്യ സംവിധാനത്തിലുമായി സംസ്കരിക്കുക, അജൈവമാലിന്യം തരംതിരിച്ച് പുന:ചംക്രമണത്തിനും ശാസ്ത്രീയ സംസ്കരണത്തിനും അംഗീകൃത ഏജൻസിക്ക് കൈമാറുക, പ്രത്യേക മാലിന്യങ്ങൾക്ക് ശാസ്ത്രീയ സംസ്കരണ സംവിധാനം സജ്ജീകരിക്കുക, മാലിന്യത്തിന്റെ അളവ് കുറയ്ക്കുക, പൊതുനിരത്തിലേക്ക് മാലിന്യം എത്തുന്നതും വലിച്ചെറിയുന്നതും പൂർണമായി ഇല്ലായ്മ ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ക്യാമ്പയിനിലൂടെ കൈവരിക്കുന്നത്.
 
ജില്ലയിൽ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ഹരിതകർമ്മ സേന തുടങ്ങിയവരുടെ യോഗം ചേരാൻ  ക്യാമ്പയിൻ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.  നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ സി ദിദിക, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ഏണസ്റ്റ് സി തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കില, ആർജിഎസ്എ, ക്ലീൻ കേരള, ശുചിത്വ മിഷൻ, നവകേരളം കർമ്മ പദ്ധതി തുടങ്ങിയവയിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തു.

date