Skip to main content
ടി വി പുരം ഗ്രാമ പഞ്ചായത്തിലെ 170 കുടുംബങ്ങൾക്കുള്ള കുടിവെള്ളസംഭരണ ടാങ്കുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി നിർവഹിക്കുന്നു.

കുടിവെള്ളസംഭരണ ടാങ്കുകൾ വിതരണം ചെയ്തു

കോട്ടയം: കുടിവെള്ളസംഭരണം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷനിൽ കുടിവെള്ള സംഭരണ ടാങ്കുകൾ വിതരണം ചെയ്തു. ടി വി പുരം ഗ്രാമപഞ്ചായത്ത് വയോജന വിശ്രമകേന്ദ്രം ഹാളിൽ നടന്ന കുടിവെള്ള ടാങ്കുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി ഉദ്ഘാടനം ചെയ്തു. ടി വി പുരം ഗ്രാമ പഞ്ചായത്തിലെ 170 കുടുംബങ്ങൾക്കാണ് കുടിവെള്ള സംഭരണ ടാങ്കുകൾ ലഭ്യമാക്കിയത്. ടി വി പുരം ഗ്രാമ പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ അർഹരായ 170 കുടുംബങ്ങളെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണ്ടെത്തുകയായിരുന്നു. വേനലിൽ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്ന സാഹചര്യം ഒഴിവാക്കി കുടിവെള്ള സംഭരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ടി വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത റെജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി കെ തങ്കച്ചൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി കെ പ്രദീപ്, ദീപ ബിജു, അനിയമ്മ അശോകൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സീമ സുജിത്ത്, ശ്രീജി ഷാജി, ഗീത ജോഷി എന്നിവർ പങ്കെടുത്തു.
 

date