Skip to main content

മലയാള കവിത  മാധുര്യത്തിൽ അലിഞ്ഞ് കാവ്യാലാപന മത്സരം

മലയാളത്തിന്റെ കാവ്യമാധുര്യത്തിന് സാക്ഷ്യം വഹിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേമ്പര്‍. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ്റ്റാന്റില്‍ മെയ് മൂന്ന് മുതല്‍ ഒന്‍പത് വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ പ്രചരണാര്‍ത്ഥം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സംഘടിപ്പിച്ച കവിതാലാപന മത്സരത്തില്‍ മത്സരാര്‍ത്ഥികള്‍ മതിമറന്ന് കവിത ചൊല്ലി. ഇടശ്ശേരിയും വയലാറും വി.മധുസൂദനന്‍ നായറും സച്ചിദാനന്ദനും മുരുകന്‍ കാട്ടാക്കടയുമെല്ലാം വേദിയില്‍ നിറഞ്ഞൊഴുകി. വി.മധുസൂദനന്‍ നായരുടെ ഗംഗ എന്ന കവിത ചൊല്ലി പട്ടികജാതി വികസന ഓഫീസിലെ എം.ശബരിഗിരീഷ് ഒന്നാം സ്ഥാനവും വയലാറിന്റെ ശ്രീനാരായണ ഗുരു എന്ന കവിത ചൊല്ലി പെരിയ സി.എച്ച്.സി ജീവനക്കാരനായ എം.പി.ശ്രീനിവാസവന്‍, വി.മധുസൂദനന്‍ നായരുടെ പുരുഷമേധം എന്ന കവിത ചൊല്ലി കുമ്പള ജി.എച്ച്.എസ്.എസിലെ അധ്യാപകന്‍ കെ.ജയേഷും രണ്ടാം സ്ഥാനം പങ്കിട്ടു.

നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ മലയാളം വിഭാഗം അധ്യാപിക ഡോ.ധന്യ കീപ്പേരി, മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ മലയാളം വിഭാഗം അധ്യാപിക ഡോ.സിന്ധു കിഴക്കേക്കര, പട്ള ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍ അധ്യാപകന്‍ കെ.രാമചന്ദ്രന്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. വാശിയേറിയതും ആവേശകരവുമായ മത്സരമായാണ് നടന്നതെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

date