Skip to main content

ഗവ. ഐ.ടി.ഐകളിൽ നൂതന കോഴ്‌സുകൾ ആരംഭിക്കും : മന്ത്രി വി. ശിവൻകുട്ടി

 

വേങ്ങൂർ ഗവ. ഐ.ടി.ഐയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു 

ഗവണ്മെന്റ് ഐ.ടി.ഐകളിൽ  കാലഹരണപ്പെട്ട വിഷയങ്ങൾക്ക് പകരം നിലവിൽ സാധ്യതകളുള്ള നൂതന കോഴ്‌സുകൾ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. വേങ്ങൂർ ഗവ. ഐ.ടി.ഐക്കായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നാടിന് സമർപ്പിച്ചത്. 

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടം ഉന്നത വിദ്യാഭ്യാസ രംഗത്തും ആവർത്തിക്കപ്പെടുകയാണ്. ഓരോ വിദ്യാർത്ഥികൾക്കും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് സർക്കാർ നയം. ഐ.ടി.ഐ പോലുള്ള സാങ്കേതിക വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾക്ക് ഏത് വലിയ സ്ഥാപനത്തിലും പ്രയാസമില്ലാതെ ജോലി ലഭിക്കണം. അതിനാവശ്യമായ മികച്ച പരിശീലനമാണ് സർക്കാർ സ്ഥാപനങ്ങളിൽ ഒരുക്കുന്നത്. ഇവയെല്ലാം വിദ്യാർത്ഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. 

വേങ്ങൂർ ഐ.ടി.ഐയുടെ പുതിയ കെട്ടിടം ഒരു നാടിന്റെ സ്വപ്നമായിരുന്നു. നിലവിൽ ഒന്നാം ഘട്ട നിർമ്മാണമാണ് പൂർത്തിയായിരിക്കുന്നത്. സമയബന്ധിതമായി രണ്ടാം ഘട്ടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നും പുതിയ കോഴ്‌സുകൾ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അഞ്ച് കോടി രൂപ ചെലവിൽ അത്യാധുനിക നിലവാരത്തിൽ 12,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഐ.ടി.ഐ കെട്ടിടം ഒരുക്കിയിരിക്കുന്നത്. വർക്ക് ഷോപ്പുകൾ,  ക്ലാസ് മുറികൾ, ഐ.ടി ലാബ്, ഓഫീസ് മുറി, സ്റ്റാഫ് മുറി, സ്റ്റോർ തുടങ്ങിയ സൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. നെടുങ്ങപ്രയിലെ പഞ്ചായത്ത് ഷോപിംഗ് കോംപ്ലക്സിൽ പ്രവർത്തിച്ചു വന്നിരുന്ന ഐ.ടിഐയ്ക്ക് ഗ്രാമപഞ്ചായത്ത് കൈമാറിയ തൂങ്ങാലിയിലെ 1.72 ഏക്കർ സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 2010ല്‍ രണ്ട് ട്രേഡുകളിൽ പരിശീലനം നൽകി ആരംഭിച്ച വേങ്ങൂര്‍ ഐ.ടി.ഐയില്‍ ഇപ്പോള്‍ മൂന്ന് ട്രേഡുകളാണുള്ളത്. ഭാവിയിൽ കൂടുതൽ ട്രേഡുകൾ ആരംഭിക്കുക എന്ന  ലക്ഷ്യം മുൻനിർത്തി കൂടിയാണ് പുതിയ  കെട്ടിടം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഇലക്ട്രിക്കൽ, സിവിൽ, കമ്പ്യൂട്ടർ കോഴ്സുകൾ ആണ് നിലവിൽ ഇവിടെ പഠിപ്പിക്കുന്നത്. 

ഉദ്ഘാടന ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, മുൻ എം.എൽ.എ സാജു പോൾ, ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡ് ചെയർമാൻ ബാബു ജോസഫ്, വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗീസ്, ശാരദ മോഹൻ, മനോജ് മൂത്തേടൻ,  വ്യവസായിക പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ  കെ.പി ശിവശങ്കരൻ, ഐ.ടി.ഐ പ്രിൻസിപ്പൽ സിന്ധു പോൾ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ  പങ്കെടുത്തു.

date