Skip to main content

ശക്തമായ നടപടിയുമായി എക്സൈസ്: പൊന്നാനി താലൂക്കിൽ ഒരു വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 204 കേസുകൾ

ലഹരിക്കെതിരെ പൊന്നാനി താലൂക്കിൽ പ്രതിരോധ നടപടികൾ ശക്തമാക്കി എക്സൈസ് വകുപ്പ്. ലഹരി ഉത്പന്നങ്ങളുടെ വിൽപ്പനയും ഉപഭോഗവും തടയുന്നതിനായുള്ള നടപടികളുടെ ഭാഗമായി നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് (എൻ.ഡി.പി.എസ്) ആക്ട്, അബ്കാരി ആക്ട് എന്നിവ പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ താലൂക്കിൽ 204 കേസുകൾ രജിസ്റ്റർ ചെയ്തു. 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള കണക്കാണിത്.
62 എൻ.ഡി.പി.എസ് കേസുകളിൽ 60 പേരും 142 അബ്കാരി കേസുകളിലായി 137 പേരും ഉൾപ്പടെ 197 പേർ അറസ്റ്റിലായി. ഇക്കാലയളവിൽ 1085 ഗ്രാം കഞ്ചാവും 62.438 ഗ്രാം എം.ഡിഎം.എയും 6.45 ഗ്രാം ഹാഷിഷ് ഓയിലും അഞ്ച് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. അബ്കാരി ആക്ട് പ്രകാരം 226 ലിറ്റർ വാഷും 614.95 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും (ഐ.എം.എഫ്.എൽ) മൂന്ന് ലിറ്റർ വാറ്റും എട്ട് വാഹനങ്ങളും താലൂക്കിലെ വിവിധ ഇടങ്ങളിൽ വ്യത്യസ്ത കേസുകളിലുമായി എക്സൈസ് വിഭാഗം പിടിച്ചെടുത്തത്.
ലഹരി വ്യാപനം തടയാൻ വിപുലമായ പദ്ധതികൾ മേഖലയിൽ തുടരുന്നതെന്ന് പൊന്നാനി എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എം റിയാസ് പറഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ സ്‌കൂൾതലങ്ങളിൽ ശക്തമായ ലഹരി വിരുദ്ധ പ്രവർത്തനങ്ങളാണ് താലൂക്കിൽ എക്സൈസ് സ്വീകരിക്കുന്നത്.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനായി താലൂക്ക് പരിധിയിൽ 137 ബോധവത്കരണ പരിപാടികളും ഇക്കാലയളവിൽ സ്വീകരിച്ചതായും സി.ഐ പറഞ്ഞു.

date