Skip to main content

കുടുംബശ്രീയുടെ സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാം :  ആലങ്ങാട് ഉൾപ്പെടെ 10 ബ്ലോക്കുകളിൽ 

 

കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസ് കോണ്‍ക്ലേവ് 23 ന്റെ ഭാഗമായി സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പദ്ധതി (എസ്.വി.ഇ.പി) പുതുതായി തുടങ്ങുന്ന പത്തു ബ്ലോക്കുകളുടെ പ്രഖ്യാപനം വ്യവസായ- നിയമ വകുപ്പ് മന്ത്രി പി.രാജീവ്  നിര്‍വഹിച്ചു. 2022-26 കാലഘട്ടത്തിൽ കേരളത്തിലെ പത്ത് ബ്ലോക്കുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. എറണാകുളം ജില്ലയിൽ  ആലങ്ങാട് ബ്ലോക്കിലാണ് ഈ പദ്ധതി ആരംഭിക്കുക.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കുടുംബശ്രീ മുഖേനയാണ് സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമീണ മേഖലയിലെ സൂക്ഷ്മ സംരഭങ്ങളുടെ വളർച്ചയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. സൂക്ഷ്മസംരംഭങ്ങളിലൂടെ സുസ്ഥിര ഉപജീവന മാര്‍ഗങ്ങള്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് എസ്.വി.ഇ.പി പദ്ധതി വഴി ലഭ്യമാകുന്നു. അതിലൂടെ സ്ത്രീശക്തീകരണത്തിനൊപ്പം ബ്ലോക്കിന്റെ വികസനവും ഉണ്ടാകുന്നു.

 
സൂക്ഷ്മസംരംഭങ്ങളിലൂടെ സുസ്ഥിര ഉപജീവന മാര്‍ഗങ്ങള്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള എസ്.വി.ഇ.പി പദ്ധതി നിലവില്‍ 15 ബ്ലോക്കുകളിലാണ് നടപ്പാക്കുന്നത്. എറണാകുളം ജില്ലയിലെ ആലങ്ങാടിനൊപ്പം പുതുതായി നേമം(തിരുവനന്തപുരം), വെട്ടിക്കവല(കൊല്ലം), കോയിപ്രം(പത്തനംതിട്ട), ഏറ്റുമാനൂര്‍(കോട്ടയം),  പഴയന്നൂര്‍(തൃശൂര്‍), തൃത്താല(പാലക്കാട്), പെരുമ്പടപ്പ്(മലപ്പുറം), കുന്നുമ്മല്‍(കോഴിക്കോട്), തളിപ്പറമ്പ(കണ്ണൂര്‍) എന്നീ പത്ത് ബ്ലോക്കുകളില്‍ കൂടി പദ്ധതി നടപ്പിലാകും.

ബ്ലോക്കിലെ കുടുംബശ്രീകളുടെ പ്രവർത്തനം, നിലവിലെ സംരംഭങ്ങൾ, സംരംഭക വികസന സാധ്യതകൾ എന്നിവയെല്ലാം വിശകലനം ചെയ്താണ് പദ്ധതി പ്രഖ്യാപിച്ചത്. കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായി സൂക്ഷ്മസംരംഭ വികസനം ലക്ഷ്യമിട്ട് സമ്ര ഇന്‍റര്‍നാഷണല്‍ കന്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററിലാണ് മൈക്രോ എന്‍റര്‍പ്രൈസ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.

date