Skip to main content

സഹകരണ മേഖലയുടെ കയ്യൊപ്പു ചാർത്താത്ത ഒരു മേഖലയും കേരളത്തിലില്ല: ചീഫ് വിപ്പ് ഡോ. എൻ ജയരാജ്:

 

സഹകരണ എക്‌സ്‌പോ 2023ന്റെ ഭാഗമായി “സഹകരണ മേഖലയിലെ ഘടനാപരമായ മാറ്റം- വിഷൻ 2023” എന്ന വിഷയത്തിൽ നടത്തിയ സെമിനാർ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവ്വഹിച്ചു. സഹകരണ സർവീസ് പരീക്ഷാ ബോർഡ് ചെയർമാൻ എസ് യു രാജീവ് സ്വാഗതമോതിയ ചടങ്ങിൽ പി അബ്ദുൾ ഹമീദ് എം എൽ എ അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോർഡ് അംഗം പ്രൊഫ. ആർ. രാമകുമാർ സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ചു.   മുൻ എം എൽ എം എം മോനായി, ആസൂത്രണ ബോർഡ് മുൻ അംഗം സി പി ജോൺ, കുസാറ്റ് അസോസിയേറ്റ് പ്രൊഫസർ സംഗീത പ്രതാപ്, നാഷണൽ ലേബർ ബോർഡ് അംഗം ടി. കെ. കിഷോർ കുമാർ, എറണാകുളം  സർവ്വിസ് കോർപ്പറേറ്റിവ് സൊസൈറ്റി അംഗം സജീവ് കർത്ത എന്നിവരടങ്ങിയ പാനൽ  സഹകരണ മേഖലയിൽ കാലഘട്ടത്തിനനുസരിച്ച് എന്തെല്ലാം മാറ്റങ്ങൾ കൊണ്ടു വരാം എന്ന വിഷയത്തിൽ ആശയങ്ങൾ പങ്കു വെച്ചു. 
ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങളിൽ സഹകരണമെന്ന വാക്കിന്റെ അർത്ഥം നിലനിർത്തി  സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നു ചെല്ലാൻ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ പി. അബ്ദുൾ ഹമീദ് എം എൽ എ  ചൂണ്ടിക്കാട്ടി. രണ്ടരലക്ഷം കോടിരൂപയാണ് സഹകരണ മേഖലയിലെ നിക്ഷേപമെന്നും   ജനങ്ങൾക്കിടയിലെ വിശ്വാസ്യതയാണ് ഇത്ര വലിയൊരു നിക്ഷേപത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലെ നിക്ഷേപത്തെ പ്രായോഗികമായി വകസന പ്രവർത്തനങ്ങൾക്കായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലും ചർച്ചകൾ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
സഹകരണ മേഖലയുടെ കയ്യൊപ്പു ചാർത്താത്ത ഒരു മേഖലയും കേരളത്തിലില്ലെന്ന കാര്യം സർക്കാർ ചീഫ് വിപ്പ് എൻ ജയരാജ് ചൂണ്ടിക്കാട്ടി.  സുതാര്യത, ജനാധിപത്യ സ്വഭാവം, നിഷ്പക്ഷത, എന്നിവ എന്നിവ നിലനിർത്തിപ്പോരുന്നതിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾക്ക് വലിയ വെല്ലുവിളി തീർക്കുന്ന കേന്ദ്രസർക്കാരിന്റെ ഇടപെടലുകളെ പറ്റിയുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
കേരളത്തിന്റെ സഹകരണ മേഖല കോർപ്പറേറ്റ് തലത്തിലേക്ക് പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന അഭിപ്രായമാണ് ആസൂത്രണ ബോർഡ് മുൻ അംഗം സി പി ജോൺ പങ്കു വെച്ചത്. സഹകരണ മേഖലയുടെ ഘടനക്ക് ശക്തികൂട്ടാൻ കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങളെ കോർപ്പറേറ്റു ചെയ്യാനുള്ള ചിന്തകൾ ഉണ്ടാവണം. നിർമ്മാണ, ടൂറിസം മേഖലകളിൽ സഹകരണ മേഖല ശ്രദ്ധ വെക്കണം. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയുടെ മൊത്തവരുമാനം എടുത്താൽ അതിൽ  സഹകരണ മേഖലക്ക് കാര്യമായ സ്ഥാനമില്ലെന്നു കാണാനാവും. 
പ്രശ്‌നപരിഹാരം ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ ട്രബിൾ ഷൂട്ടറെന്ന നിലയിലേക്ക് കേരളബാങ്കിന് ഉയരാൻ കഴിയണം. ചെറിയ വായ്പകൾക്കു പോലും വലിയ നടപടിക്രമങ്ങൾ വേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കണമെന്ന ആവശ്യവും  സിപി ജോൺ ഉന്നയിച്ചു. 
പ്രബന്ധം അവതരിപ്പിച്ച ആസൂത്രണ ബോർഡ് അംഗം പ്രൊഫസർ ആർ രാമകുമാർ, സഹകരണ മേഖലയുടെ ജനകീയത നിലനിർത്തിക്കൊണ്ടുതന്നെ അവിടെ ഘടനാപരമായ മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. സഹകരണമേഖലയ്ക്ക് ആഭ്യന്തരവും ബാഹ്യവുമായ നിരവധി വെല്ലുവിളികളാണുള്ളത്. സഹകരണമേഖലയിലേക്കുള്ള കേന്ദ്രത്തിന്റെ  കടന്നുകയറ്റം മൾട്ടി സ്‌റ്റേറ്റ് കോർപ്പറേറ്റ് സൊസൈറ്റികളെന്ന പേരിൽ നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായ്പാ രംഗത്തെ മാറ്റങ്ങളെ മനസിലാക്കിയും സാങ്കേതിക വിദ്യയിലെ മാറ്റങ്ങളെ ഉൾക്കൊണ്ടും മുന്നോട്ട് പോകുന്നതിലൂടെ മാത്രമേ വിജയം കൈവരിക്കാനാകുകയുള്ളൂവെന്നും ചർച്ചയിൽ പങ്കെടുത്ത മുൻ എംഎൽഎ എംഎം മോനായി അഭിപ്രായപ്പെട്ടു.

date