Skip to main content

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നൈപുണ്യ വികസന ഹബ് സ്ഥാപിക്കും: മന്ത്രി പി.രാജീവ്

തൊഴില്‍ നൈപുണ്യ വികസനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായിക സ്ഥാപനങ്ങളുമായി ചേര്‍ന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നൈപുണ്യ വികസന ഹബ്ബ് സ്ഥാപിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. യുവാക്കള്‍ക്ക് തൊഴില്‍ നേടുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ചെയ്യുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രിയുടെ നേതൃത്വത്തില്‍ കളമശ്ശേരി മണ്ഡലത്തില്‍ നടത്തിവരുന്ന സ്‌കൈ പദ്ധതിയുടെ ഭാഗമായി കളമശ്ശേരി ഗവ. ഐ.ടി.ഐയില്‍ നടന്ന പ്ലേസ്‌മെന്റ് ഡ്രൈവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ ഭാഗമായി നൈപുണ്യ മികവുള്ള തൊഴിലാളികളെ  വാര്‍ത്തെടുക്കാന്‍ കളമശ്ശേരി മണ്ഡലത്തില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കുമായി നൈപുണ്യ പരിശീലന ക്‌ളാസുകള്‍, അസാപ്പ് വഴി പരിശീലനം, ശില്‍പശാലകള്‍ എന്നിവ  സംഘടിപ്പിച്ചിരുന്നു.  കുടുംബശ്രീ സര്‍വ്വേ പ്രകാരം കെ ഡിസ്‌കില്‍ രജിസ്റ്റര്‍ ചെയ്ത മണ്ഡലത്തിലെ ഐ.ടി.ഐ യോഗ്യതയുള്ള മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും പങ്കെടുപ്പിച്ചാണ്  പ്ലേസ്‌മെന്റ് ഡ്രൈവ് നടക്കുന്നത്. തൊഴിലാളികളെ കണ്ടെത്തുന്നതിന് ഇത്തരം ഒരു പ്ലേസ്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാന്‍ എത്തിയ വ്യവസായിക യൂണിറ്റുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 

നിരവധി അഭ്യസ്തവിദ്യരായ വീട്ടമ്മമാരാണ് കേരളത്തില്‍ ഉള്ളത്. ഇവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടപ്പിലാക്കും. ആദ്യഘട്ടത്തില്‍ മണ്ഡലത്തിലെ ബികോം യോഗ്യതയുള്ള വീട്ടമ്മമാര്‍ക്കായി പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. സാങ്കേതിക വിദ്യ അതിവേഗം മാറുന്ന കാലഘട്ടത്തില്‍ പുതിയ തൊഴില്‍ സാധ്യതകള്‍ക്ക് അനുസരിച്ചുള്ള കോഴ്‌സുകള്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ വരേണ്ടത് അനിവാര്യമാണ്.  ഇതിനായി തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും വ്യവസായ കേന്ദ്രങ്ങളുമായി ചര്‍ച്ച ചെയ്ത് നടപടികള്‍ സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

കളമശ്ശേരി മണ്ഡലത്തിലെ വിവിധ ശാസ്ത്ര -സാങ്കേതിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവരെ കൂട്ടിയോജിപ്പിച്ച് എം.എല്‍.എ പദ്ധതി എന്ന നിലയിലാണ് സ്‌കൈ പദ്ധതി നടപ്പിലാക്കി വരുന്നത്. പ്ലേസ്‌മെന്റ് ഡ്രൈവില്‍ 32 വ്യവസായി യൂണിറ്റുകള്‍ പങ്കെടുത്തു. മണ്ഡലത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒപ്പം ഗവ. ഐ.ടി.ഐയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്ലേസ്‌മെന്റില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിരുന്നു.

കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍ നെഷിദാ സലാം, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ്, മാനേജര്‍ ആര്‍.രമ, കളമശ്ശേരി ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ പി.കെ രഘുനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date