Skip to main content

ജില്ലയിലെ ഏഴ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നാളെ 

റീബിൽഡ് കേരള ഇനീഷ്യേറ്റീവിലും പ്ലാൻ സ്‌കീം ഫണ്ടിലും ഉൾപ്പെടുത്തി നിർമ്മിച്ച ജില്ലയിലെ ഏഴ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നാളെ (ഏപ്രിൽ 24) നടക്കും. റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിക്കും. നരിപ്പറ്റ, കൂരാച്ചുണ്ട്, അവിടനെല്ലൂർ, പനങ്ങാട്, കോടഞ്ചേരി, പൂളക്കോട്, ചെലവൂർ എന്നിവിടങ്ങളിലെ സ്മാർട്ട് വില്ലേജ് ഓഫീസുകളാണ് നാളെ ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങിൽ പ്രദേശത്തെ എംഎൽഎമാർ, ജില്ലാ കലക്ടർ എ ഗീത, നിർമ്മിതി കേന്ദ്രം എഞ്ചിനീയർമാർ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് ഭാരവാഹികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. 

നരിപ്പറ്റ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം രാവിലെ ഒൻപത് മണിക്ക് നടക്കും. ഇ.കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിക്കും. കെ മുരളീധരൻ എം.പി മുഖ്യാതിഥിയാകും. കൂരാച്ചുണ്ട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 10.30നും അവിടനെല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം 11.30നും  പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 12.30നും നടക്കും. മൂന്നു ചടങ്ങുകളിലും അഡ്വ.കെഎം സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിക്കും. എം.കെ രാഘവൻ എം.പി മുഖ്യാതിഥിയുമാകും.  

കോടഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം 2.30 ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. പൂളക്കോട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 3.30 ന് ചൂലൂർ എയ്ഡഡ് യു.പി സ്‌കൂളിൽ റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. അഡ്വ. പിടിഎ റഹീം എംഎൽഎ അധ്യക്ഷത വഹിക്കും. 

ചെലവൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം വൈകിട്ട് അഞ്ച് മണിക്ക്  ചെലവൂർ ചാമക്കാലയിൽ  റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയാകും. എം.കെ രാഘവൻ എം.പി വിശിഷ്ടാതിഥിയുമാകും. 

റീബിൽഡ് കേരള ഇനീഷ്യേറ്റീവിലും പ്ലാൻ സ്‌കീം ഫണ്ടിലും ഉൾപ്പെടുത്തി നിർമ്മിച്ച ഏഴ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെയും നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ചത് ജില്ലാ നിർമ്മിതി കേന്ദ്രവും സംസ്ഥാന നിർമ്മിതി കേന്ദ്രവുമാണ്. ചെലവൂർ വില്ലേജ് ഓഫീസ് നിർമ്മാണം സംസ്ഥാന നിർമ്മാണ കേന്ദ്രത്തിന്റെ മേൽനോട്ടത്തിലും മറ്റുള്ള ഓഫീസുകളുടെ നിർമ്മാണം ജില്ലാ നിർമ്മിതി കേന്ദ്രത്തിന്റെ മേൽനോട്ടത്തിലുമാണ് നിർവ്വഹിച്ചത്. പ്ലാൻ സ്‌കീം ഫണ്ടുപയോഗിച്ച് ചെലവൂർ, നരിപ്പറ്റ വില്ലേജ് ഓഫീസുകളുടെ നിർമ്മാണവും മറ്റ് വില്ലേജ് ഓഫീസുകൾ റീബിൽഡ് കേരള ഇനീഷ്യേറ്റീവ് ഫണ്ടിൽ  ഉൾപ്പെടുത്തിയുമാണ് നിർമ്മിച്ചത്.

date