Skip to main content

ഇറിഗേഷൻ ടൂറിസം പദ്ധതി നടപ്പാക്കും -മന്ത്രി റോഷി അഗസ്റ്റിൻ

പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന് തുടക്കമായി

ഇറിഗേഷൻ ടൂറിസം പദ്ധതി നടപ്പാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ച് വരികയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ത്രിതല പഞ്ചായത്തുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചും, ബി.ഒ.ടി അടിസ്ഥാനത്തിലും പെട്ടന്ന് നടപ്പിലാക്കാൻ കഴിയുന്ന ചെറുതും വലുതുമായ പദ്ധതികൾ വിഭാവനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. 

കേരളത്തിലെ എല്ലാ വീടുകളിലും വെള്ളമെത്തിക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പദ്ധതിയായ ജൽ ജീവൻ മിഷനിലൂടെ 70,85,000 കുടുംബങ്ങൾക്കും പൈപ്പ് വെള്ളമെത്തിക്കുന്നതിന്റെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. 40 ലക്ഷം കുടുംബങ്ങൾക്ക് കണക്ഷൻ നൽകി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ 44 നദികളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എക്സിക്യുട്ടീവ് എഞ്ചിനിയർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് നടി നവ്യാ നായരുടെ നൃത്ത സന്ധ്യ അരങ്ങേറി.

പെരുവണ്ണാമൂഴി ഡാം പരിസരത്ത് മെയ് ഏഴ് വരെയാണ് ഫെസ്റ്റ് നടക്കുന്നത്. കലാപരിപാടികൾ, കാര്‍ണിവല്‍, എക്‌സ്പോ, ജലോത്സവം, പുഷ്പമേള, ബോട്ടിംഗ്, ഇക്കോ ടൂറിസം പവലിയന്‍, വനയാത്ര ഉൾപ്പെടെ വിവിധങ്ങളായ പരിപാടികളാണ് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കമ്പവലി, കളരിഗ്രാമം പ്രദര്‍ശനം, ഫുഡ് കോര്‍ട്ട്, പുസ്തകോത്സവം, വനയാത്ര, പ്രകൃതി ചിത്രരചന, ട്രക്കിം​ഗ് എന്നിവയും ഫെസ്റ്റിന്റെ ഭാ​ഗമായി നടക്കും.

പഞ്ചായത്തിലെ കലാകാരന്‍മാരുടെ കലാപരിപാടികള്‍ ഉള്‍പ്പെടുത്തി ഗ്രാമോത്സവം, സിത്താര കൃഷ്ണകുമാറിന്റെ ഗാനമേള, സുധീര്‍ പറവൂരും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ, കെ.പി.എ.സി.യുടെ അപരാജിതന്‍ നാടകം, ഇശല്‍ നിലാവ്, ചിലമ്പൊലി ജില്ലാതല സംഘനൃത്ത മത്സരം എന്നിവയും അരങ്ങേറും. ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ടൂറിസം വകുപ്പ്, ജലവിഭവ വകുപ്പ്, വനംവകുപ്പ്, കൃഷിവകുപ്പ്, കെഎസ്ഇബി, ചക്കിട്ടപാറ സഹകരണ ബാങ്ക്, ചക്കിട്ടപാറ വനിതാ സൊസൈറ്റി എന്നിവരാണ് സംഘാടകർ.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ  ഉണ്ണി വേങ്ങേരി, വി.കെ പ്രമോദ്, ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ശശി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ സ്വാ​ഗതവും പ്രോ​ഗ്രാം കമ്മിറ്റി ചെയർമാൻ പി.സി സുരാജൻ നന്ദിയും പറഞ്ഞു.

date