Skip to main content

സഹകരണ മേഖലയെ വളര്‍ത്തിയത് സര്‍ക്കാരിന്റെ മാതൃകാപരമായ ഇടപെടലുകള്‍: വനിതാ കമ്മീഷന്‍ അധ്യക്ഷ

 

സഹകരണ മേഖലയെ വളര്‍ത്താന്‍ സഹായിച്ചത് കേരളത്തിലെ സര്‍ക്കാരുകളുടെ മാതൃകാപരമായ ഇടപെടലുകളാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി.സതിദേവി പറഞ്ഞു. 'സഹകരണ പ്രസ്ഥാനത്തിലെ സ്ത്രീ ശാക്തീകരണം കാഴ്ചപ്പാടും പ്രയോഗികതയും' എന്ന വിഷയത്തില്‍ മറൈന്‍ഡ്രൈവിലെ സഹകരണ എക്‌സ്‌പോ വേദിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. സ്ത്രീകളെ മാറ്റിനിര്‍ത്തി ഒരു സംവിധാനത്തിനും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ലോകത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും മികവാര്‍ന്ന മാതൃകയാണ് കുടുംബശ്രീയെന്നും അധ്യക്ഷ പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിന്റെ മികവാര്‍ന്ന തലത്തിലേക്ക് സഹകരണ മേഖലയെ ഉയര്‍ത്തണം. വനിതാ സംഘങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. എല്ലായിടത്തും നിറസാന്നിധ്യമായി സ്ത്രീകള്‍ കടന്നുവരുന്നുണ്ടെന്നും കേരളത്തിലെ സഹകരണ മേഖലയില്‍ ചെറുകിട സംരംഭങ്ങളുടെ വിതരണവും മാര്‍ക്കറ്റിങും എങ്ങനെ സാധ്യമാക്കണമെന്ന വ്യക്തമായ ധാരണ സര്‍ക്കാരിനും സഹകരണ വകുപ്പിനും ഉണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

സഹകരണ പ്രസ്ഥാനം വളര്‍ച്ചയുടെ പാതയിലാണ്. കേരളത്തില്‍ പടര്‍ന്നു കിടക്കുന്ന സഹകരണ പ്രസ്ഥാനങ്ങളില്‍ വനിതാ സഹകരണ പ്രസ്ഥാനങ്ങളുടെ ഉണര്‍വ് പ്രശംസനീയമാണെന്നും സ്ത്രീ ശാക്തീകരണം അനന്യമായ മാതൃക സൃഷ്ടിച്ച് കേരളത്തില്‍ മുന്നോട്ട് പോകുകയാണെന്നും സെമിനാറില്‍ അധ്യക്ഷത വഹിച്ച വനിതാ ഫെഡ് ചെയര്‍പേഴ്‌സണ്‍ കെ.ആര്‍ വിജയ പറഞ്ഞു.

സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.എം. ചാക്കോച്ചന്‍, മുന്‍ എം.എല്‍.എ കെ.കെ. ലതിക, സാഫ് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സത്യവതി, സേവ പ്രസിഡന്റ് സോണിയ ജോര്‍ജ്, ഉദുമ വനിതാ സഹകരണ സംഘം സെക്രട്ടറി കൈരളി, കേരള ബാങ്ക് ഡയറക്ടര്‍ അഡ്വ. പുഷ്പ ദാസ്, വനിതാഫെഡ് എം.ഡി. കെ.എല്‍ പാര്‍വതി നായര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

date