Skip to main content

നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിൻ 

 

ഉദ്യോഗസ്ഥർക്ക് പരിശീലന പരിപാടി 

നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിൻ വിജയകരമായി പൂർത്തിയാക്കി ജില്ലയെ മാലിന്യമുക്തമാക്കാൻ നടപടികളുമായി ജില്ലാ ഭരണകൂടം. ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ നഗരസഭകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, നോഡൽ ഓഫീസർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവർക്ക്  ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. 

ജില്ലയെ മാലിന്യമുക്തമാക്കാനുള്ള  നടപടികൾ താഴെത്തട്ടിൽ വരെ എത്തിക്കാൻ  ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഏതെല്ലാം രീതിയിൽ പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്ന് പരിശീലന പരിപാടിയിൽ വിശദീകരിച്ചു. കളമശ്ശേരി മുൻസിപ്പൽ ടൗൺഹാളിൽ നടന്ന പരിശീലന പരിപാടിയിൽ കില റിസോഴ്സ് പേഴ്സൺമാരായ ടി.ഡി. സജീവ് ലാൽ, ടി. എസ്. സൈഫുദ്ധീൻ, എം. കെ. രാജേന്ദ്രൻ എന്നിവർ ക്ലാസുകൾ നയിച്ചു. രണ്ട് ഘട്ടമായിട്ടാണ് ഉദ്യോഗസ്ഥർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കേരള മിഷൻ ശുചിത്വമിഷൻ, ഖര മാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്യു.എം.പി. ) എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ക്യാമ്പയിന്റെ ഭാഗമായി നിലവിലെ മാലിന്യ സംസ്കരണ പദ്ധതികൾ മെച്ചപ്പെടുത്തും. വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവ അജൈവമാലിന്യങ്ങൾ തരംതിരിക്കും. കൃത്യമായി ഇവ നിർമാർജനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും മാലിന്യ മുക്ത പൊതുവിടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. ക്യാമ്പയിന്റെ ഭാഗമായി പൊതുവിടങ്ങൾ ശുചീകരിക്കുന്നതിനോടൊപ്പം ആ പ്രദേശങ്ങൾ അനുയോജ്യമായ രീതിയിൽ സൗന്ദര്യവൽക്കരിക്കുകയും ചെയ്യുന്നതിന് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ പി എം ഷെഫീഖ്, നവകേരള മിഷൻ - 2 ജില്ലാ കോ- ഓഡിനേറ്റർ എസ് രഞ്ജിനി, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ ജുബൈരിയ ഐസക്, ജില്ലയിലെ വിവിധ നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമസഭ എന്നിവിടങ്ങളിലെ സെക്രട്ടറിമാർ, അസിസ്റ്റൻ്റ് സെക്രട്ടറിമാർ, ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

date