Skip to main content

കാടിനെ കാക്കാം, നാടിനെ കേൾക്കാം- തിരുവനന്തപുരം ജില്ലയിൽ വനസൗഹൃദ സദസ്സ് നാളെ (ഏപ്രിൽ 28)

വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ജനപ്രതിനിധികളുമായുള്ള ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനസർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ രണ്ടിന് വയനാട് ആരംഭിച്ച വനസൗഹൃദസദസ്സ് നാളെ (ഏപ്രിൽ 28) തിരുവനന്തപുരത്ത് സമാപിക്കും.  

ആര്യനാട് വി.കെ ഓഡിറ്റോറിയത്തിൽ രാവിലെ 11.30ന് നടക്കുന്ന വനസൗഹൃദ സദസ്സ്  വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. അരുവിക്കര, പാറശ്ശാല, വാമനപുരം നിയോജക മണ്ഡലങ്ങളിലെ 11 പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ് തിരുവനന്തപുരത്ത് വനസൗഹൃദസദസ്സ് സംഘടിപ്പിക്കുന്നത്. ആര്യനാട്, കുറ്റിച്ചൽ, തൊളിക്കോട്, വിതുര, ഉഴമലയ്ക്കൽ, അമ്പൂരി, കള്ളിക്കാട്, പെരിങ്ങമല,നന്ദിയോട്, പനവൂർ, പാങ്ങോട് എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ത്രിതല പഞ്ചായത്ത് പ്രതിനിധികളുമായി മന്ത്രി ചർച്ച ചെയ്യും. വനംവകുപ്പുമായി ആരോഗ്യപരമായ ബന്ധം ഉറപ്പാക്കുന്നതിനും ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്തുന്നതിനുമാണ് വനസൗഹൃദസദസ്സ്.

തിരുവനന്തപുരത്ത് അരുവിക്കര എം.എൽ.എ ജി.സ്റ്റീഫൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ എന്നിവർ മുഖ്യാതിഥികളായിരിക്കും.

ഏപ്രിൽ രണ്ടിന് മാനന്തവാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് വനസൗഹൃദസദസ്സ് ഉദ്ഘാടനം ചെയ്തത്. വനപ്രദേശമില്ലാത്ത ആലപ്പുഴയിലൊഴികെ മറ്റ് 13 ജില്ലകളിലുമായി 51 നിയമസഭാ മണ്ഡലങ്ങളിലെ 223 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിശ്ചയിക്കപ്പെട്ട 20 കേന്ദ്രങ്ങളിലാണ് വനസൗഹൃദസദസ്സ് സംഘടിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ ഏരുമേലിയിൽ നടക്കേണ്ടിയിരുന്ന വനസൗഹൃദ സദസ്സ് മെയ് മാസം സംഘടിപ്പിക്കും.

date