Skip to main content

മണിയൂർ ഐടിഐ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ  ഏപ്രിൽ 28ന് 

 

മണിയൂർ ഐ ടി ഐ യുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ ഏപ്രിൽ 28 ന് വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും. പരിപാടിയുടെ നടത്തിപ്പിനായി ചേർന്ന സ്വാഗതസംഘം യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഐ ടി ഐ പ്രിൻസിപ്പൽ സജ്ജയ് എം, എ ശശിധരൻ, ജിഷ കൂടത്തിൽ എന്നിവർ സംസാരിച്ചു.സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഐ ടി ഐയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

മണിയൂർ പഞ്ചായത്ത് അനുവദിച്ച ഒരേക്കർ പത്ത് സെന്റ് സ്ഥലത്ത്  മൂന്ന് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുക. ആദ്യഘട്ടമായി 2500 സ്‌ക്വയർ മീറ്റർ കെട്ടിടത്തിന്റെ നിർമ്മാണമാണ് ആരംഭിക്കുക. കെട്ടിട നിർമ്മാണത്തിനായി ആറ് കോടി 90 ലക്ഷത്തിന്റെ നിർമ്മാണ പ്രവർത്തനത്തിനുള്ള ഭരണാനുമതി സർക്കാർ നൽകി.

2010 ൽ  ആരംഭിച്ച മണിയൂർ ഐടിഐയിൽ നിലവിൽ മൂന്ന് ട്രേഡുകളിലായി 128 ട്രെയിനികൾക്കാണ് പരിശീലനം നൽകി വരുന്നത്. പുതിയ കെട്ടിടം വരുന്നതോടെ പുതിയ ട്രേഡുകൾ ആരംഭിക്കുന്നതിനും കുട്ടികൾക്ക് പരിശീലനം നൽകുവാനും സാധിക്കും.

date